പാക് വിമാനത്തിനു തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
Sunday, November 18, 2012 6:42 AM IST
ഇസ്ലാമാബാദ്: കറാച്ചിയില്‍ നിന്നു ലണ്ടനിലേയ്ക്കു പോകുകയായിരുന്ന പാക് യാത്രാവിമാനത്തിനു തീപിടിച്ചു. ഇതേത്തുടര്‍ന്ന് വിമാനം കറാച്ചിയിലെ ജിന്നാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. 167 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പാക് വ്യോമയാന വകുപ്പ് അറിയിച്ചു.

കറാച്ചിയില്‍ നിന്നു ലാഹോര്‍ വഴി ലണ്ടനിലേയ്ക്കുള്ള പി.കെ. 787 എയര്‍ബസാണ് കറാച്ചിയില്‍ അടിയന്തരമായി ഇറക്കിയത്. കറാച്ചി വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ എഞ്ചിനുകളിലൊന്നില്‍ തീപിടുത്തമുണ്ടാകുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നും സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്നും പാക് വ്യോമയാന അധികൃതര്‍ വ്യക്തമാക്കി.