ചരിത്രം രചിച്ച് ഒബാമ മ്യാന്‍മറിലേക്ക്
Sunday, November 18, 2012 7:21 PM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ പര്യടനം ആരംഭിച്ചു. 17 മുതല്‍ 20 വരെയാണ് സന്ദര്‍ശം. തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ വിമാനമിറങ്ങിയ ഒബാമ തിങ്കളാഴ്ച മ്യാന്‍മറിലെത്തും. തായ്ലന്‍ഡ് പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്ര, ഭൂമിബോല്‍ രാജാവ് എന്നിവരുമായി ഒബാമ കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച മ്യാന്‍മറിലെത്തുന്ന അദ്ദേഹം പ്രസിഡന്റ് തീന്‍ സീന്‍, പ്രതിപക്ഷ നേതാവ് ഓംഗ് സാന്‍ സ്യൂകി എന്നിവരുമായി ചര്‍ച്ച നടത്തും.

യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമയുടെ ആദ്യ വിദേശ പര്യടനമാണിത്. അതോടൊപ്പം മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റുമാണ് ഒബാമ. മ്യാന്‍മറിനെതിരെയുള്ള യുഎസിന്റെ ഇറക്കുമതി ഉപരോധം പിന്‍വലിച്ചതിനു തൊട്ടുപിന്നാലെയാണ് ഒബാമയുടെ ചരിത്രം രചിച്ചുള്ള സന്ദര്‍ശനം. ഏഷ്യയുമായുള്ള അമേരിക്കയുടെ വിദേശനയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഒബാമയുടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ പര്യടനം. തായ്ലന്‍ഡ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമെ കംബോഡിയയിലും ഒബാമ സന്ദര്‍ശനം നടത്തും.