ഗാസാ വിഷയം: അന്താരാഷ്ട്ര സമൂഹത്തിന്റെ മൌനത്തിനെതിരെ ഇറാന്‍
Sunday, November 18, 2012 11:31 AM IST
മോസ്കോ: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ അന്താരാഷ്ട്ര സമൂഹം മൌനം പാലിക്കുന്നതിനെതിരെ ഇറാന്‍. ഇസ്രയേല്‍ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ ലോകരാജ്യങ്ങള്‍ കണ്ടില്ലെന്നു നടക്കുകയാണെന്നും ഗാസാവിഷയത്തില്‍ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നു അപലപനീയമാണെന്നും ഇറാനിയന്‍ വിദേശകാര്യമന്ത്രി അലി അക്ബര്‍ സലേഹി പറഞ്ഞു.

ലോക രാജ്യങ്ങള്‍ക്കൊപ്പം മനുഷ്യാവകാശ സംഘടനകളും ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തതു വിരോധാഭാസമാണെന്ന് സലേഹി കുറ്റപ്പെടുത്തി. പലസ്തീന്‍ ജനതക്കെതിരെ യുദ്ധകുറ്റകൃത്യങ്ങളിലാണ് ഇസ്രയേല്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഗാസയിലെ നിരപരാധികളായ ജനങ്ങളുടെ കാര്യത്തില്‍ അറബ് ലീഗും മുസ്ലീം രാജ്യങ്ങളും ശ്രദ്ധ ചെലുത്തണം. നിലവില്‍ ഇസ്രയേല്‍ വ്യോമസേനയും നാവികസേനയും ഗാസ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കരയാക്രമണത്തിനു തയാറായി ഇസ്രയേല്‍ സൈന്യം നിലയുറപ്പിച്ചുകഴിഞ്ഞു. പശ്ചിമേഷ്യയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഇസ്രയേല്‍ - പലസ്തീന്‍ യുദ്ധം ഏതുവിധേനയും ഒഴിവാക്കണമെന്ന് സലേഹി പറഞ്ഞു.