കുടിലില്‍ കഴിയുന്ന രാഷ്ട്രത്തലവന്‍
Monday, November 19, 2012 1:30 AM IST
മോണ്െടവിഡോ: അഴിമതിയില്‍മുങ്ങിക്കുളിച്ചുനില്‍ക്കുന്ന ഭരണാധിപന്‍മാര്‍ക്കു ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറുഗ്വേയില്‍നിന്ന് ഒരു മാതൃക. ഇവിടുത്തെ പ്രസിഡന്റ് ജോസ് മുജിക ജീവിക്കുന്നത് ഭാര്യയുടെ പേരിലുള്ള കൃഷിയിടത്തിലെ ജീര്‍ണിച്ച കുടിലിലാണ്. ലഭിക്കുന്ന ശമ്പളത്തിന്റെ 90 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കുന്നു.

പ്രസിഡന്റെന്ന നിലയില്‍ ലഭിച്ച സൌകര്യങ്ങളെല്ലാം ഉപേക്ഷിച്ചാണ്, തലസ്ഥാനമായ മോണ്െടവിഡോയില്‍നിന്ന് കുറച്ചകലെയുള്ള കൃഷിയിടത്തില്‍ ഇദ്ദേഹം ജീവിക്കുന്നത്. ശമ്പളം പ്രതിമാസം 12,000ഡോളര്‍. ഇതിന്റെ 90% ജീവകാരുണ്യ പ്രവര്‍ത്തനത്തിനു നല്‍കുകയാണ്.

ട്രാക്ടര്‍ ഉഴുതുമറിച്ച വഴിയില്‍ക്കൂടിവേണം പ്രസിഡന്റിന്റെ വീട്ടിലെത്താന്‍. രാജ്യത്തിന്റെ തലവനാണ് ഇവിടെ കഴിയുന്നതെന്നറിയാനുള്ള ഏക അടയാളം കാവല്‍ നില്ക്കുന്ന രണ്ടു പോലീസുകാരാണ്. 77 വയസുള്ള ജോസ് മുജീക കൃഷിക്കാരന്‍ കൂടിയാണ്. വെള്ളമെടുക്കുന്നത് സമീപത്തുള്ള കിണറ്റില്‍നിന്ന്. തുണിയലക്കുന്നതും വീടിനു പുറത്ത്. പ്രസിഡന്റിന്റെ വിലപിടിപ്പുള്ള സമ്പാദ്യം പഴയൊരു ഫോക്സ്വാഗന്‍ ബീറ്റില്‍ കാറും മൂന്നു കാലുമാത്രമുള്ള വളര്‍ത്തുനായുമാണ്.

തന്നെ ദരിദ്രനായ പ്രസിഡന്റെന്നു വിശേഷിപ്പിക്കുന്നതു ശരിയല്ലെന്ന് ബിബിസിക്ക് ഈയിടെ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ കൂടുതല്‍ സമ്പാദിക്കാന്‍ ക്ളേശിക്കുന്നവരാണ് ദരിദ്രര്‍. അങ്ങനെയുള്ളര്‍ക്ക് എത്ര കിട്ടിയാലും തികയില്ല. ചെലവുചുരുക്കിയുള്ള ഈ ജീവിതശൈലി താന്‍ സ്വയം തെരഞ്ഞെടുത്തതാണെന്നും പ്രസിഡന്റ് മുജിക പറഞ്ഞു.