പാചകവാതക സബ്സിഡി ബാങ്ക് അക്കൌണ്ടില്‍: ഔദ്യോഗിക നിര്‍ദേശമായിട്ടില്ലെന്ന് അധികൃതര്‍
Sunday, November 18, 2012 4:12 PM IST
കൊച്ചി: പാചകവാതക സിലിണ്ടറിനു ലഭിക്കുന്ന സബ്സിഡിക്കും ഇനി ബാങ്ക് അക്കൌണ്ടു വേണ്ടിവരും. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക നിര്‍ദേശങ്ങള്‍ ആയിട്ടില്ലെന്ന് അധികൃതര്‍. ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കിലല്ലാതെ പാചകവാതകം നല്കിയശേഷം സബ്സിഡി തുക ബാങ്ക് അക്കൌണ്ടുവഴി നല്കുകയെന്ന പദ്ധതി വന്നേക്കുമെന്നാണ് സൂചന.

അതേസമയം ഒന്നിലധികം കണക്ഷനുള്ള ഉപഭോക്താക്കള്‍ക്കായി വിതരണം ചെയ്തിട്ടുള്ള പ്രത്യേക ഫോമുകളില്‍(കെവൈസി ഫോമുകള്‍) ബാങ്ക് അക്കൌണ്ടിന്റെ വിവരം നല്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സബ്സിഡി ആവശ്യമുള്ള ഉപഭോക്താവ് അക്കൌണ്ട് സംബന്ധിച്ച വിവരം നല്കണമെന്നാണ് ഫോമിലുള്ളത്. പക്ഷേ, ഓപ്ഷണലായതിനാല്‍ പലരും ഈ വിവരം നല്കിയിട്ടില്ല. ഒരേ വീട്ടുപേരില്‍ ഒന്നിലധികം കണക്ഷനുള്ളവര്‍ മാത്രം ഫോം പൂരിപ്പിച്ചു നല്കിയാല്‍ മതിയെന്നു പറയുന്നുണ്െടങ്കിലും മറ്റ് ഉപഭോക്താക്കളും പൂരിപ്പിച്ച് നല്കാന്‍ ചിലയിടങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ടുപേജുള്ള ഫോമിന്റെ ആദ്യഭാഗത്ത് പേര്, കണ്‍സ്യൂമര്‍ നമ്പര്‍, ജനനത്തീയതി, മേല്‍വിലാസം എന്നീ വിവരങ്ങളും രണ്ടാംപേജില്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളുടെ വിവരവുമാണ് നല്കേണ്ടത്. ഈ പേജിലാണ് താല്പര്യമുള്ളപക്ഷം ബാങ്ക് അക്കൌണ്ട് വിവരം നല്കണമെന്നുള്ളത്. ബാങ്കിന്റെ ശാഖ, വിലാസം, ഐഎഫ്സികോഡ്, അക്കൌണ്ട് നമ്പര്‍ എന്നിവയാണ് നല്കേണ്ടത്. സത്യവാങ്മൂലവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സബ്സിഡി വിതരണം ബാങ്ക് അക്കൌണ്ടുകളിലൂടെയാക്കുന്നു എന്ന തരത്തിലുള്ള നിര്‍ദേശം ഇതുവരെയും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ഗ്യാസ് ഏജന്‍സികളും പറയുന്നു. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെ മൂന്നു സിലിണ്ടറുകള്‍ക്കു മാത്രം സബ്സിഡി നല്കുക, ഇതുകഴിഞ്ഞുള്ള സിലിണ്ടറുകള്‍ക്ക് സബ്സിഡി ഇല്ലാത്ത തുക ഈടാക്കുക, അടുത്തവര്‍ഷം ആറു സബ്സിഡി സിലിണ്ടറുകള്‍ മാത്രം നല്കുക എന്നിവയാണ് ലഭിച്ചിട്ടുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍. ഒന്നിലധികം സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുണ്െടന്ന് എണ്ണക്കമ്പനികള്‍ കണ്െടത്തിയിട്ടുള്ള ഉപഭോക്താക്കളുടെ ഒരു കണക്ഷന്‍ തടഞ്ഞുവയ്ക്കാനും നിര്‍ദേശമുണ്ട്.