ഗാസയില്‍ മിസൈല്‍ ആക്രമണം രൂക്ഷം; മരണം 75 കവിഞ്ഞു
Monday, November 19, 2012 7:48 AM IST
ഗാസാസിറ്റി: ഗാസയില്‍ ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം അഞ്ചാം ദിവസത്തിലേയ്ക്കു കടന്നതോടെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 75 കവിഞ്ഞു. ഗാസാ മുനമ്പില്‍ വീടിനു നേരെ ഇസ്രയേല്‍ വ്യോമസേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്നു പിഞ്ചുകുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതേസമയം, ആക്രമണത്തില്‍ ചുരുങ്ങിയതു 11 പേര്‍ക്ക് ജീവഹാനിയുണ്ടായതായി പലസ്തീന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഹമാസ് ഇസ്ലാമിസ്റ് സംഘടനയിലെ സജീവ പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ഗാസയില്‍ ഇസ്രയേല്‍ മ്ളേച്ഛമായ കൂട്ടക്കൊലയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹമാസ് പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയ പറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി ഗാസയില്‍ തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പട്ടവരില്‍ ഇരുപതിലധികം പേരും കുട്ടികളാണെന്നും ഹനിയ ചൂണ്ടിക്കാട്ടി.

ഇതിനിടെ ഗാസയിലെ ടല്‍ അല്‍ ഹവാ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി നോര്‍ത്ത് ഗാസയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആറു വയസുകാരനായ പലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനകള്‍ പറഞ്ഞു. ഞായറാഴ്ച മാത്രം ഇസ്രയേല്‍ വ്യോമസേനയും നാവിക സേനയും ഗാസയില്‍ 130ലധികം തവണയാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഏറ്റവുമധികം ആളപായമുണ്ടായതും ഇന്നലെയാണ്. ഏകദേശം 26 പേരാണ് ഇന്നലെ ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പത്തോളം പേര്‍ കുട്ടികളാണ്. ഇതിനിടെ ഗാസയില്‍ വെടിനിര്‍ത്തലിന് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ശ്രമം ആരംഭിച്ചു. ഈജിപ്തിന്റെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി ഇസ്രയേലിന്റെ ഒരു ദൂതന്‍ കയ്റോയില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രേലി മേഖലകളിലേക്കുള്ള റോക്കറ്റാക്രമണം ഹമാസ് നിര്‍ത്തിയില്ലെങ്കില്‍ കരയാക്രമണത്തിനു മടിക്കില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹൂ മുന്നറിയിപ്പു നല്‍കി. പ്രതിരോധമന്ത്രി എലി യിഷാഹി ഒരു പടികൂടി കടന്ന് ഗാസയെ മധ്യയുഗത്തിലേക്ക് തിരിച്ചയയ്ക്കുമെന്നു ഭീഷണി മുഴക്കി.