ബെൽജിയം സ്പോർട്സ് സെന്ററിൽ സ്ഫോടനം: ഒരാൾ മരിച്ചു
Friday, August 26, 2016 8:02 AM IST
ബ്രസൽസ്: തെക്കൻ ബെൽജിയത്തിലെ ഒരു കായിക കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ബ്രസൽസിന് 110 കിലോമീറ്റർ തെക്കുള്ള ചിമെ നഗരത്തിൽ അർധരാത്രിയോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാകാം സ്ഫോടനകാരണമെന്ന് അഗ്നിശമനസേനാംഗങ്ങൾ സൂചിപ്പിച്ചു. എന്നാൽ, ഇതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചു വ്യക്‌തമായ ധാരണയില്ല. സ്ഫോടനത്തെക്കുറിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു. മാർച്ച് 22ന് ഉണ്ടായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരാക്രമണത്തിൽ ബ്രസൽസിലെ വിമാനത്താവളത്തിലും യൂറോപ്യൻ യൂണിയൻ ആസ്‌ഥാനമന്ദിരത്തിനു സമീപം മെട്രോ സ്റ്റേഷനിലുമായി 32 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ബെൽജിയത്തിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ ഉദ്യോഗസ്‌ഥർ കായിക കേന്ദ്രത്തിലെ സ്ഫോടനം ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതർ അറിയിച്ചു.