കാൻസർ ബാധിച്ച ബാലനെ ചികിത്സിക്കാൻ പോളിഷ് ഒളിമ്പ്യൻ മെഡൽ ലേലം ചെയ്യുന്നു
Thursday, August 25, 2016 9:52 PM IST
വാഴ്സോ: ഒളിമ്പിക് മെഡലിനേക്കാൾ വിലമതിക്കുന്നതു മനുഷ്യ ജീവനാണെന്ന് തെളിയിച്ച് പോളണ്ട് ഡിസ്കസ്ത്രോ താരം പിയോറ്റർ മലചോവ്സ്കി. മാനുഷിക സ്നേഹത്തിന്റെ ഉദാത്ത ഉദാഹരണമായി ലോകം ഇപ്പോൾ മലചോവ്സ്കിയെ വാഴ്ത്തുകയാണ്. റിയോ ഒളിമ്പിക്സിൽ പോളണ്ടിനായി പുരുഷന്മാരുടെ ഡിസ്കസ്ത്രോയിൽ വെള്ളി മെഡൽ ജേതാവാണ് മുപ്പത്തിമൂന്നുകാരനായ മലചോവ്സ്കി. റിയോയിൽ താൻ ഡിസ്കസ് പായിച്ച് നേടിയ വെള്ളി മെഡൽ ലേലം ചെയ്യാനൊരുങ്ങുകയാണ് ഇയാൾ. മറ്റൊന്നിനുമല്ല, കാൻസർ ബാധിതനായ മൂന്നു വയസുകാരന്റെ ചികിത്സയ്ക്കു പണം സംഭാവന ചെയ്യാനാണ് ഈ മനുഷ്യസ്നേഹി തന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടത്തിനു ലഭിച്ച സമ്മാനം ലേലത്തിനു വയ്ക്കുന്നത്.

ഒലെക് എന്ന മൂന്നു വയസുകാരന്റെ അമ്മ തനിക്ക് എഴുതിയ കത്തിലൂടെയാണ് കാര്യങ്ങൾ അറിഞ്ഞതെന്നും ലേലത്തിലൂടെ ലഭിക്കുന്ന പണം ചികിത്സയ്ക്കായി നല്കുമെന്നും മലചോവ്സ്കി പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി കണ്ണിനെ ബാധിച്ച കാൻസറിന്റെ വേദനയിലാണ് കുഞ്ഞ് ഒലെക്. ന്യൂയോർക്കിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനാണ് ഒലെക്കിന്റെ അമ്മ മലചോവ്സ്കിനോട് സഹായം അഭ്യർഥിച്ചത്.

റിയോയിൽ ഞാൻ സ്വർണത്തിനായി പോരാടി. ഇപ്പോൾ ഞാൻ എല്ലാവരോടുമായി അഭ്യർഥിക്കുന്നു, അതിലും വിലമതിക്കുന്ന മറ്റൊന്നിനായി പോരാടാൻ. നിങ്ങൾ സഹായിച്ചാൽ എന്റെ വെള്ളി മെഡൽ ഒലെക്കിനു സ്വർണത്തേക്കാൾ വിലമതിച്ചതാകും: മലചോവ്സ്കി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.