കാഷ്മീരികൾക്ക് എല്ലാം സംസ്ഥാനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് രാജ്നാഥ് സിംഗ്
Friday, April 21, 2017 11:50 AM IST
ന്യൂ​ഡ​ൽ​ഹി:​ ജമ്മു കാഷ്മീർ ജനത രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജസ്ഥാനിലെ ചിത്തോഗഡിൽ കാഷ്മീരി വിദ്യാർഥികളെ ആക്രമിച്ച സംഭവത്തെ അപലപിച്ച ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ ഒന്ന്, രണ്ട് സ്ഥലങ്ങളിൽ കാഷ്മീരി ജനതയോട് മോശമായി പെരുമാറുന്ന സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാഷ്മീരികളെ ആക്രമിച്ച സംഭവങ്ങൾ നടന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് എല്ലാം സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാഷ്മീരികളും ഇന്ത്യൻ പൗരൻമാരാണ്. രാജ്യത്തെ എല്ലാം അവകാശങ്ങളും അവർക്കുണ്ട്. ദേശീയ സുരക്ഷയ്ക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ കാഷ്മീരികൾ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കാഷ്മീരികളെ മറ്റ് എല്ലാം സംസ്ഥാനങ്ങളിലെ പൗരൻമാരും സഹോദരൻമാരെ പോലെ കാണണം. അവർ ഇന്ത്യൻ പൗരൻമാരാണെന്ന് ഓർമ വേണമെന്നും നമ്മൾ ഒരു കുടുംബമാണെന്നും മന്ത്രി ഓർമിപ്പിച്ചു. രാജസ്ഥാനിലെ ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബുധനാഴ്ചയാണ് രാജസ്ഥാനിലെ മേവാഡ് സർവകലാശാലയിൽ ആറ് കാഷ്മീരിലെ യുവാക്കളെ ഒരുസംഘം മർദിച്ച സംഭവമുണ്ടായത്. മർദ്ദനമേറ്റ കാഷ്മീരി യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. മാർക്കറ്റിൽ സാധനം വാങ്ങാൻ എത്തിയപ്പോഴാണ് കാഷ്മീരി യുവാക്കളോട് പേര് ചോദിച്ച് സംഘം ആക്രമണം നടത്തിയത്. മേവാഡ് സർവകലാശാലയിൽ 500 ഓളം കാഷ്മീരി വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
RELATED NEWS