അൻസാരിയോട് ഇന്ത്യ വിട്ടുപോകാൻ ആർഎസ്എസ്
Sunday, August 13, 2017 1:59 AM IST
ന്യൂഡൽഹി: മുൻ ഉപരാഷ്​ട്രപതി ഹമീദ്​ അൻസാരിയോട് ഇന്ത്യ വിട്ടുപോകാൻ ആർഎസ്എസ്. മുതിർന്ന ആർഎസ്എസ് നേതാവും ബിജെപി ഉപദേഷ്ടാവുമായ ഇന്ദ്രേഷ് കുമാറാണ് വിവാദ പരാർശം നടത്തിയത്.

ഇന്ത്യയിലെ മുസ്‌ലീം ജനവിഭാഗത്തിന്‍റെ സുരക്ഷ സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപദത്തിൽ നിന്ന് വിരമിക്കുന്നതിനു മുൻപ് നൽകിയ അവസാന അഭിമുഖങ്ങളിലൊന്നിൽ അൻസാരി വ്യക്തമാക്കിയിരുന്നു. ഇതാണ് ആർഎസ്എസിനെ ചൊടിപ്പിച്ചത്.

അൻസാരിക്ക്​ സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക്​ പോകാമെന്ന് പറഞ്ഞ ആർഎസ്എസ് നേതാവ് അദ്ദേഹത്തോട് സമാനമായ ആശയമുള്ള മുസ്‌ലീങ്ങളും ഇന്ത്യ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടു. ​നാഗ്പൂരിൽ രാഷ്​ട്രീയ മുസ്​ലീം മഞ്ച്​ രക്ഷാബന്ധൻ ദിനത്തോട്​ അനുബന്ധിച്ച്​ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ്​ കുമാർ.

മുസ്‌ലീം മതവിഭാഗത്തിലുള്ളവർ പോലും അൻസാരിയുടെ വാക്കുകൾക്ക് ചെവികൊടുത്തില്ലെന്നു പറഞ്ഞ ഇന്ദ്രേഷ് കുമാർ, അധികാരത്തിലിരുന്ന പത്ത്​ വർഷവും അൻസാരിക്ക്​ മുസ്​ലീങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടായിരുന്നില്ലല്ലോയെന്നും ചോദിച്ചു.

നേരത്തെ, ഉപരാഷ്ട്രപതിയായി ചുമതലയേറ്റ വെങ്കയ്യ നായിഡുവും തന്‍റെ മുൻഗാമിയെ തള്ളി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന ചില പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും അത് ശുദ്ധ അസംബന്ധമാണെന്നുമായിരുന്നു നായിഡു പറഞ്ഞത്.

ഇത്തരം പ്രചരണങ്ങൾ ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ലോകരാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇത്രമേൽ സംരക്ഷിക്കുന്ന മറ്റൊരു രാജ്യവുമില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.