മുലായം സിംഗ് യാദവുമായി അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തി
Sunday, October 8, 2017 3:35 AM IST
ലക്നോ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാ‌ജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പിതാവ് മുലായം സിംഗ് യാദവുമായി കൂടിക്കാഴ്ച നടത്തി. മുലായം സിംഗിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഒക്ടോബർ അഞ്ചിന് പാർട്ടി ദേശീയ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുത്തതിനു ശേഷം ആദ്യമായാണ് മുലായം സിംഗുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തുന്നത്. ഇതോടെ അഖിലേഷ് മുലായം പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ സാധിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

മുലായത്തെ പുറത്താക്കിയാണ് അഖിലേഷ് നേരത്തെ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. ഒക്ടോബർ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പിലേക്ക് അഖിലേഷ് നേരിട്ടെത്തി മുലായത്തെ ക്ഷണിച്ചിരുന്നു. എന്നാൽ അഖിലേഷുമായി ഇടഞ്ഞു നിന്നിരുന്ന മുലായം സിംഗും പിതൃസഹോദരൻ ശിവപാൽ യാദവും കണ്‍വൻഷനിൽ പങ്കെടുത്തില്ല.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി ചേർന്ന് സഖ്യം രൂപീകരിച്ചതിനെ തുടർന്നു അഖിലേഷ് മുലായം ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.