ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം ബുധനാഴ്ചയും
Tuesday, August 22, 2017 1:24 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ബുധനാഴ്ചയും വാദം തുടരും. ഇന്ന് ഇരു വിഭാഗവും കോടതിക്ക് മുന്നിൽ വാദങ്ങൾ നിരത്തി. ദിലീപിനെതിരേ സിനിമയ്ക്കുള്ളിൽ നിന്നും പുറത്തുനിന്നും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ലിബർട്ടി ബഷീറും ഒരു പരസ്യ കന്പനിയുമാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ. ഒരു തെളിവുമില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ജാമ്യഹർജിയെ എതിർക്കാൻ പോലീസ് നിരത്തിയ വാദങ്ങളൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

എന്നാൽ ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വ്യക്തമായ തെളിവ് ദിലീപിനെതിരേ ലഭിച്ചിട്ടുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. കേസിലെ പ്രധാന തെളിവുകൾ മുദ്രവച്ച കവറിൽ പോലീസ് കോടതിക്ക് കൈമാറി.

അതിനിടെ ആക്രമിക്കപ്പെട്ട നടിയുടെ പേര് വാദത്തിനിടെ പറഞ്ഞ പ്രതിഭാഗത്തെ കോടതി താക്കീത് ചെയ്തു. പേര് പറയുന്നത് ആവർത്തിക്കരുതെന്ന മുന്നറിയിപ്പാണ് കോടതി നൽകിയത്.
RELATED NEWS