ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ പുതുവഴികൾ തേടണമെന്ന് അമേരിക്ക
Wednesday, August 23, 2017 5:59 AM IST
വാഷിംഗ്ടൺ: ഭീകരവാദത്തെ നേരിടുന്നതിന് പാക്കിസ്ഥാൻ പുത്തൻ വഴികൾ തേടണമെന്ന് അമേരിക്ക. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ആണ് ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരായ ശക്തമായ നടപടികൾ സ്വീകരിച്ചാൽ അമേരിക്ക അതിന് പിന്തുണ നൽകുമെന്നും ടില്ലേഴ്സൺ അറിയിച്ചു. നിലവിൽ പാക്കിസ്ഥാനിലെ സാഹചര്യം ഭീകരർക്ക് അനുകൂലമായതാണ്. ഇതിന് മാറ്റം വരണം- ടില്ലേഴ്സൺ പറഞ്ഞു.

പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഭീകര പ്രവർത്തനങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാനും അമേരിക്ക തയാറാണ്, പക്ഷേ പാക് സമീപനങ്ങൾ ഏറെ മാറാനുണ്ട്- ടില്ലേഴ്സൺ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുത്തൻ അഫ്ഗാൻ നയം പ്രഖ്യാപിക്കവേ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനങ്ങളാണ് നടത്തിയത്. പാക്കിസ്ഥാൻ ഭീകരവാദപ്രവർത്തനങ്ങൾക്ക് വളക്കൂറുള്ള മണ്ണാണെന്നായിരുന്നു ട്രംപിന്‍റെ വിമർശനം.

ഭീകരതയ്ക്ക് കുടപിടിക്കുന്ന നിലപാടുകളിൽ മാറ്റം വരുത്തിയില്ലങ്കിൽ പാക്കിസ്ഥാന് തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനുമുള്ള പോരാട്ടങ്ങളിൽ പാക്കിസ്ഥാനും ഒപ്പമുണ്ടെന്ന് പാക് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
RELATED NEWS