തന്നെ മുൻനിർത്തി സിപിഎമ്മിനെ വേട്ടയാടിയവർ നിരാശരായെന്ന് മുഖ്യമന്ത്രി
Wednesday, August 23, 2017 3:35 AM IST
തിരുവനന്തപുരം: ലാവലിൻ കേസ് ഉയർത്തി സിപിഎമ്മിനെ വേട്ടയാടിയവർ നിരാശരായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലാവലിൻ കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട ഹൈക്കോടതി വിധിയോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തന്നെ മുൻനിർത്തി സിപിഎമ്മിനെ ആക്രമിക്കാനാണ് രാഷ്ട്രീയ എതിരാളികൾ കേസുപയോഗിച്ചത്. ഒരുപാട് പേർ കാത്തിരുന്ന ദിവസമായിരുന്നു ഇന്ന്. തന്നെ സ്നേഹിക്കുന്നവർക്കും ഈ ദിവസം നിർണായകമായിരുന്നു. എന്നാൽ തന്നെ തകർക്കാൻ കാത്തിരുന്നവർക്ക് കോടതി വിധിയോടെ നിരാശരാകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ സത്യം തെളിയുമെന്ന് നേരത്തെ തന്നെ താൻ പ്രഖ്യാപിച്ചതാണ്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയിരുന്നു. കേസ് സിബിഐക്ക് വിട്ടപ്പോൾ തന്നെ നടത്തിയ പ്രാഥമിക പരിശോധനയിൽ തനിക്കെതിരേ കേസെടുക്കാൻ പാകത്തിനുള്ള തെളിവുകൾ ഒന്നുമില്ലെന്നായിരുന്നു അവരുടെ നിരീക്ഷണം. പിന്നീട് കേന്ദ്ര സർക്കാരിന്‍റെ ഉടപെടലിലൂടെയാണ് തന്നെ സിബിഐ വേട്ടയാടിയത്. ജുഡീഷറിയോട് എല്ലാ കാലവും ആദരവ് പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് താനെന്നും അതിനാൽ സത്യം ഒരിക്കൽ പുറത്തുവരുമെന്ന് വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്തോഷത്തിന്‍റെ സന്ദർഭമാണ് ഇതെങ്കിലും നിയമ പോരാട്ടത്തിന് കൂടെനിന്ന അഭിഭാഷകൻ എം.കെ.ദാമോദരൻ ഒപ്പമില്ലാത്തത് ദുഃഖമുണ്ടാക്കുന്നുണ്ട്. കേസിൽ തനിക്കൊപ്പം നിന്ന സഖാക്കൾക്കും പാർട്ടിയോടും നന്ദിയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.