താജ്മഹൽ നിർമിച്ച ഷാജഹാൻ ചരിത്രത്തിന്‍റെ ഭാഗമെങ്കിൽ തിരുത്തുമെന്ന് ബിജെപി എംഎൽഎ
Monday, October 16, 2017 2:31 AM IST
ന്യൂഡൽഹി: താജ്മഹലിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നും ഉത്തർപ്രദേശ് സർക്കാർ ഒഴിവാക്കിയതിന് പിന്നാലെ താജ്മഹൽ നിർമിച്ച മുഗൾ ചക്രവർത്തി ഷാജഹാനെ അപഹസിച്ച് ബിജെപി എംഎൽഎ സംഗീത് സോം രംഗത്ത്. ഹിന്ദുക്കളെ ഇല്ലാതാക്കാൻ ശ്രമിച്ച ഷാജഹാൻ ചക്രവർത്തി ചരിത്രത്തിന്‍റെ ഭാഗമാണെങ്കിൽ ആ ചരിത്രം തങ്ങൾ മാറ്റുമെന്ന് ബിജെപി എംഎൽഎ പറഞ്ഞു. ഇന്ത്യയുടെ മഹത്തായ ചരിത്രമായി ചിലർ ഷാജഹാൻ നിർമിച്ച താജ്മഹൽ കാണുന്നുണ്ട്. അങ്ങനെയെങ്കിൽ ആ ചരിത്രം തിരുത്തുമെന്ന് താൻ ആത്മവിശ്വാസത്തോടെ പറയുമെന്നാണ് സംഗീത് സോം പറഞ്ഞത്.

അടുത്തിടെ ഉത്തർപ്രദേശിലെ ബിജെപി സർക്കാർ പുറത്തിറക്കിയ ടൂറിസം കേന്ദ്രങ്ങളുടെ ബുക്ക്ലെറ്റിൽ നിന്നും താജ്മഹലിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. താജ്മഹലിന് പകരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഇഷ്ട ക്ഷേത്രമാണ് പട്ടികയിൽ ഇടംപിടിച്ചിരുന്നത്.

ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുടെ പട്ടികയിൽ നിന്നും താജ്മഹലിനെ ഒഴിവാക്കിയപ്പോൾ ചിലർ വിഷമിച്ചു. എന്ത് ചരിത്രം, ആരുടെ ചരിത്രം. സ്വന്തം പിതാവിനെ ജയിലിലടച്ച ആളാണ് താജ്മഹൽ നിർമിച്ച ഷാജഹാനെന്നും അയാൾ ഹിന്ദുക്കളെ യുപിയിൽ നിന്നും ഇന്ത്യയിൽ നിന്നും തുടച്ചു നീക്കാൻ ശ്രമിച്ചിരുന്നുവെന്നും സംഗീത് സോം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.