ഹർത്താലിനു പിന്നാലെ ചൊവ്വാഴ്ച "വ്യാജ' ബസ് പണിമുടക്കും?
Tuesday, October 17, 2017 5:32 AM IST
കോട്ടയം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്കെന്ന് വ്യാജ പ്രചരണം. ഇന്ധന വിലവർധനവിനെതിരെ യുഡിഎഫ് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ ഹർത്താലിനിടെ തൃശൂർ ജില്ലയിൽ ഉണ്ടായ സംഘർഷത്തിൽ സ്വകാര്യ ബസ് ഡ്രൈവർ കൊല്ലപ്പെട്ടെന്നും ഇതിൽ പ്രതിഷേധിച്ചാണ് പണിമുടക്കെന്നുമാണ് വാർത്ത പരന്നത്. നവമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നിവയിലൂടെയാണ് പ്രചരണം നടന്നത്.

വിവരമറിഞ്ഞ് ആശയക്കുഴപ്പത്തിലായ ജനങ്ങൾ വിവിധയിടങ്ങളിൽ അന്വേഷിച്ചപ്പോഴാണ് ഇത് വ്യാജ പ്രചരണമാണെന്ന് വ്യക്തമായത്. "രണ്ടാം ശനിയാഴ്ച മുതൽ ദീപാവലി ദിനം വരെയുള്ള ദിവസങ്ങളിൽ 17ാം തീയതി മാത്രമാണ് അവധിയില്ലാത്തതെന്നും അന്നുകൂടി ആർക്കെങ്കിലും ഹർത്താൽ നടത്തിക്കൂടെ' എന്നുമുള്ള ട്രോളുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചായിരിക്കാം ഈ വ്യാജപ്രചരണമെന്നാണ് നിഗമനം.