ചാലക്കുടി രാജീവ് വധം: അഭിഭാഷകൻ ഉദയഭാനുവിന്‍റെ വീട്ടിൽ റെയ്ഡ്
Monday, October 16, 2017 10:21 PM IST
കൊച്ചി: റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായിരുന്ന രാജീവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷകൻ സി.പി.ഉദയഭാനുവിന്‍റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ് തുടങ്ങി. ഇന്ന് രാവിലെയാണ് തൃപ്പൂണിത്തുറയിലെ ഉദയഭാനുവിന്‍റെ വീട്ടിലും മഹാരാജാസ് കോളജിന് സമീപം പ്രവർത്തിക്കുന്ന ഓഫീസിലും റെയ്ഡ് നടക്കുന്നത്. തൃശൂരിൽ നിന്നുള്ള പോലീസ് സംഘമാണ് പരിശോധന നടത്തുന്നത്.

കൊല്ലപ്പെട്ട രാജീവുമായി ചില ഭൂമിയിടപാടുകളിൽ ഉദയഭാനു ബന്ധപ്പെട്ടിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച രേഖകളാണ് പോലീസ് പരിശോധിക്കുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് രാജീവും ഉദയഭാനുവും തമ്മിൽ തർക്കങ്ങൾ നില നിന്നിരുന്നുവെന്നും പോലീസിന് ബോധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന.

കേസിൽ ഉദയഭാനുവിനെ ഏഴാം പ്രതിയാക്കി പോലീസ് കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിൽ തടസമില്ലെന്ന് കോടതി അറിയിച്ചതിന് പിന്നാലെയാണ് പോലീസ് റെയ്ഡിനെത്തിയത്. കൊല്ലപ്പെട്ട രാജീവിന്‍റെ വീട്ടിൽ ഉദയഭാനു പോയതിന്‍റെ സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.