യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ കൊലപാതകം: സിഐടിയു പ്രവർത്തകൻ കസ്റ്റഡിയിൽ
Wednesday, February 14, 2018 1:33 PM IST
കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊന്ന കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. കണ്ണൂർ ചാലോട് സ്വദേശിയായ സിഐടിയു പ്രവർത്തകനെയാണ് പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളുടെ പേര് വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പോലീസിന് കൊലപാതക സംഘത്തെക്കുറിച്ച് ഒരു സൂചനയും കണ്ടെത്താൻ കഴിയാത്തത് കനത്ത വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയതോടെ സിപിഎം നേതൃത്വവും വെട്ടിലായിരിക്കുകയാണ്.

കൊലപാതകത്തിന് നേരിട്ട് എത്തിയ നാലംഗ സംഘത്തെക്കുറിച്ചോ ഇവർ യാത്ര ചെയ്ത കാറിനെക്കുറിച്ചോ ഒരു തുന്പും പോലീസിന് കിട്ടിയിട്ടില്ല. പോലീസ് പ്രതികളെ പിടിക്കാത്തത് സിപിഎമ്മിന്‍റെ ഇടപെടൽ മൂലമാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

അതേസമയം അക്രമികൾ എത്തിയ ഫോർരജിസ്ട്രേഷൻ കാർ നേരത്തെ രജിസ്റ്റർ ചെയ്ത വാഹനമായിരുന്നുവെന്ന സംശയത്തിലാണ് പോലീസ് വെള്ളനിറത്തിലുള്ള കാറിന്‍റെ നന്പർ മാറ്റിയ ശേഷം അക്രമികൾ ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിക്കുകയായിരുന്നു. വാഹനം തിരിച്ചറിയാതിരിക്കാനാണ് അക്രമികൾ ഇത്തരത്തിലുള്ള നീക്കം നടത്തിയതെന്നും പോലീസിന് വ്യക്തമായി.

സംഭവത്തിന് പിന്നിൽ സിഐടിയു പ്രവർത്തകർ തന്നെയാണെന്നാണ് പോലീസ് അനുമാനിക്കുന്നത്. കൊല്ലപ്പെട്ട ശുഹൈബിനോട് പ്രദേശത്തെ സിഐടിയു പ്രവർത്തകർക്ക് പകയുണ്ടായിരുന്നു.

ഇതിന്‍റെ പേരിൽ മുൻപ് സംഘർഷവും നടന്നിരുന്നു. സംഘർഷത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത ശുഹൈബിനെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. റിമാൻഡ് കാലാവധി പൂർത്തിയാക്കി ജാമ്യത്തിലിറങ്ങിയപ്പോഴാണ് ശുഹൈബ് കൊല്ലപ്പെട്ടത്. റിമാൻഡ് തടവുകാരനായി എത്തിയ ശുഹൈബിനെ ജയിലിൽ വച്ചും ആക്രമിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.