Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തായ്വാൻ ടൂറിസം മുന്നോട്ട്
റോബിനു വേണ്ടി നമുക്ക് കൈകോർക്കാം
ഡബ്ല്യുടിഎ ഫൈനൽസ്; കെർബർക്ക് വിജയം
വാടക കൊടുക്കാതെ സിബിഐ; കേസെടുത്ത് വിജിലൻസ്
അഞ്ചാം ക്ലാസ് വരെ തോൽക്കില്ല, അഞ്ചു കഴിഞ്ഞാൽ സംസ്‌ഥാനം തോൽപ്പിച്ചാലായി
ശങ്കർ റെഡ്ഡിക്കെതിരായ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടു
ആദിവാസികൾക്ക് ജോലി നൽകൽ: എ.കെ ബാലനെ തിരുത്തി മുഖ്യമന്ത്രി
ചീനവലയിൽ ഇന്ത്യൻ ഗോൾ മഴ
മുംബൈയുടെ ഒറ്റ പ്രഹരം; കോൽക്കത്തയുടെ ആദ്യ പരാജയം
ഫുട്ബോൾ ഇതിഹാസം കാർലോസ് ആൽബർട്ടോ അന്തരിച്ചു
ചെന്നിത്തലയ്ക്കു വധഭീഷണി ബ്രിട്ടണിൽനിന്ന്
ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് ഇരട്ട ജീവപര്യന്തം
സിബിഐ ഡയറക്ടർക്ക് ജേക്കബ് തോമസ് കത്തയച്ചു
ഐഒസി സമരം ഒത്തുതീർപ്പായി; നാളെ മുതൽ ടാങ്കറുകൾ ഓടും
ഉറി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ ഏറ്റെടുത്തു
ഓസ്ട്രേലിയയിലെ വാട്ടർ തീം പാർക്കിൽ അപകടം; നാലു മരണം
ഹിന്ദുത്വം മതമല്ല ജീവിതരീതിയാണെന്ന് സുപ്രീംകോടതി
ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തായ് വാൻ ടൂറിസം മുന്നോട്ട്
അണ്ടർ 17 ലോകകപ്പ്: ഒക്ടോബർ ആറു മുതൽ 28 വരെ
ഐപിഎൽ പ്രക്ഷേപണം: ബിസിസിഐ ലേലം നീട്ടിവച്ചു
കായംകുളത്ത് സിപിഐയുടെ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനുള്ള സമയപരിധി നീട്ടി
തന്റെ വാക്കുകൾ ശരിവക്കുന്നതാണ് ഉമ്മൻ ചാണ്ടിക്കെതിരെയുള്ള വിധിയെന്ന് സരിത
പിളർപ്പ് തള്ളി മുലായം; പാർട്ടിയിലും കുടുംബത്തിലും പ്രശ്നങ്ങളില്ലെന്നു വിശദീകരണം
കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്കുള്ള സർക്കാർ നടപടികളുമായി സഹകരിക്കും: പി.ജയരാജൻ
കാഷ്മീരിൽ അജ്‌ഞാതരുടെ ബാങ്ക് കൊള്ള; 2.25 ലക്ഷം രൂപ കവർന്നു
മലേഷ്യയിൽ ആശുപത്രിയിൽ തീപിടുത്തം; ആറു പേർ മരിച്ചു
വിജയ് മല്ല്യയോട് നാലാഴ്ചയ്ക്കുള്ളിൽ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി
മാധ്യമ പ്രവർത്തകരെ തടയുന്ന അഭിഭാഷകർ ക്രിമിനലുകളെന്ന് കോടിയേരി
പക്ഷിപ്പനി സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ
തൃശൂർ ജില്ലയിൽ നേരിയ ഭൂചലനം
ഏകീകൃത സിവിൽകോഡ്; ചർച്ചകൾ അനവസരത്തിലെന്ന് ആന്റണി
സമാജ് വാദി പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് ശിവ്പാൽ യാദവ്
ഭക്ഷ്യഭദ്രതാ നിയമം അതേപടി നടപ്പിലാക്കനാവില്ലെന്ന് കോടിയേരി
ഡൽഹിയിയിലെ ചാന്ദ്നി ചൗക്കിൽ പൊട്ടിത്തെറി: ഒരാൾ മരിച്ചു
ചലച്ചിത്ര നടി കണ്ണൂർ ശ്രീലതയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം കടൽതീരത്ത് ഇതരസംസ്‌ഥാന തൊഴിലാളി മരിച്ച നിലയിൽ
ഐഒസി സമരം: ഇന്ധന നീക്കം പൂർണ സ്തംഭനത്തിലേക്ക്; ഇന്നത്തെ യോഗം നിർണായകം
ബ്രസീലിൽ യുവതി കൂട്ടമാനഭംഗത്തിനിരയായി; പ്രതികൾ ഒളിവിൽ
കേരളം ഗുണ്ടകളുടെ പറുദീസയായെന്ന് ചെന്നിത്തല; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ദൃശ്യമാധ്യമ പ്രവർത്തകരുടെ വേതനം സംബന്ധിച്ച പരാതികൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
ദേശീയ ട്രൈബൽ കാർണിവലിനു ഇന്നു തുടക്കം
സ്വർണ വിലയിൽ മാറ്റമില്ല
ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെന്ന് മുഖ്യമന്ത്രി
വയൽ നികത്തൽ ഭേദഗതി തിരുത്താൻ സർക്കാർ തീരുമാനം
ജിയോയുടെ വെൽക്കം ഓഫർ കാലാവധി നീട്ടുമെന്ന് സൂചന
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഇന്ത്യാ സന്ദർശനം അടുത്തയാഴ്ച
വാരണാസിക്കായി 5,000 കോടിയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു
ഫ്രാൻസിലെ അഭയാർഥി ക്യാമ്പ് ഒഴിപ്പിക്കൽ ആരംഭിച്ചു
പാക്കിസ്‌ഥാനിൽ പോലീസ് ട്രെയിനിംഗ് കോളജിനു നേരെ ഭീകരാക്രമണം; 59 പേർ കൊല്ലപ്പെട്ടു
ഡിഐജിക്കു യാത്രയയപ്പിനു ജയിൽ ജീവനക്കാരിൽനിന്ന് പിരിവ്
പോപ് സംഗീതജ്‌ഞൻ ബോബി വീ അന്തരിച്ചു
ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തായ്വാൻ ടൂറിസം മുന്നോട്ട്
Share on Facebook
ന്യൂഡൽഹി: ഇന്ത്യയെ ലക്ഷ്യമിട്ട് തായ്വാൻ ടൂറിസം കുതിക്കുന്നു. പല മേഖലകളിലും ശ്രദ്ധയമായ മാറ്റങ്ങൾ വരുത്തിയാണ് തായ്വാന്റെ ഈ കുതിപ്പ്. കഴിഞ്ഞ വർഷം 40,000ൽ പരം ഇന്ത്യക്കാരാണ് തായ്വാൻ സന്ദർശിച്ചത്. ഇന്ത്യൻ കുടുംബങ്ങളെയാണ് തായ്വാൻ ടൂറിസം മേഖല ലക്ഷ്യമിടുന്നത്. പല സമ്മേളനങ്ങളും തായ്വാനിൽ നടക്കുന്നതിന് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അന്താരാഷ്ര്‌ട യാത്രാവിനിമയ വിഭാഗം അറിയിച്ചു.

ലഘുവായ ഗ്രൂപ്പ് വീസകൾ, ചെറുതും വലുതുമായ ഹോട്ടലുകൾ, പല തരത്തിലുളള യാത്രാ മാർഗങ്ങൾ, ആകർഷണീയമായ പാർക്കുകൾ തുടങ്ങി ഒട്ടേറെ മുന്നൊരുക്കങ്ങളും തായ്വാൻ നടത്തുന്നുണ്ട്. ഇലകട്രോണിക്സ് വാഹന വ്യവസായങ്ങൾ ശക്തമായ തായ്വാനിലെ നിരവധി ഉത്പന്നങ്ങൾ ഇന്ത്യൻ ഭവനങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ടെന്നാണ് അവരുടെ കണക്കുകൾ. ഇന്ത്യൻ വിദ്യാർഥികൾക്കായി തായ് വാനിൽ കമ്പനികൾ ഇന്റർഷിപ്പിനും അവസരങ്ങൾ ഒരുക്കുന്നുണ്ട്.
റോബിനു വേണ്ടി നമുക്ക് കൈകോർക്കാം
Share on Facebook
കാസർഗോഡ് കൊന്നക്കാട് സ്വദേശി റോബിനെ വിധി വീണ്ടും വേട്ടയാടുകയാണ്. 2003–ൽ, തന്റെ 20–ാം വയസിൽ രണ്ടു വൃക്കകളും പ്രവർത്തനരഹിതമായതോടെയാണ് ഈ യുവാവിനു ദുരിതകാലം തുടങ്ങിയത്. റോബിന്റെ ചികിത്സകൾക്കു പണം കണ്ടെത്താൻ കഴിയാതെ കുടുംബം പകച്ചുനിന്നു. വൃക്ക നൽകാൻ പിതാവ് സി.ജെ. അഗസ്റ്റിൻ തയാറായിരുന്നുവെങ്കിലും പണം വലിയ പ്രശ്നമായി. ഒടുവിൽ റോബിനുവേണ്ടി സുമനസുകൾ കൈകോർത്തപ്പോൾ യുവാവിനു പുതുജീവൻ ലഭിച്ചു.

രോഗാവസ്ഥയിൽനിന്നു റോബിനും സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകളിൽനിന്നു കുടുംബവും കരകയറി വരുന്നതിനിടെയാണു വിധി വീണ്ടും ഈ യുവാവിനെ പരീക്ഷിക്കുന്നത്. 13 വർഷം മുൻപ് റോബിൻ പിതാവിൽ നിന്നു സ്വീകരിച്ച വൃക്കയും തകരാറിലായി. സ്വകാര്യ ബസിലെ കണ്ടക്റായിരുന്ന അഗസ്റ്റിൻ മകന്റെ ജീവൻ രക്ഷിക്കാൻ വീണ്ടും നെട്ടോട്ടമോടുകയാണ്. 2003–ലെ ശസ്ത്രക്രിയയും തുടർ ചികിത്സയും വരുത്തിവച്ച സാമ്പത്തിക ബാധ്യത തീർക്കാൻ അഗസ്റ്റിന് ഇനിയും സാധിച്ചിട്ടില്ല. അതിനിടെ മകനു വീണ്ടും രോഗം പിടിപെട്ടതു കുടുംബത്തെ ഒന്നാകെ തകർത്തുകളഞ്ഞു.

ഇനിയൊരു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൂടി റോബിന്റെ ജീവൻ നിലനിർത്താൻ അനിവാര്യമായി വന്നിരിക്കുകയാണ്. അഗസ്റ്റിന്റെ സുഹൃത്തും നാട്ടുകാരനുമായ ബിജുമോൻ റോബിനു വൃക്ക നൽകാൻ സന്നദ്ധനാണ്. എന്നാൽ ശസ്ത്രക്രിയയ്ക്ക് 15 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നതാണ് ഈ കുടുംബത്തെ വലയ്ക്കുന്ന പ്രശ്നം. നവംബർ പകുതിയോടെയെങ്കിലും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് എറണാകുളം ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തനിക്കുണ്ടായ ഈ ദുർവിധിയെ മറികടക്കാൻ റോബിനും കുടുംബവും ഒരിക്കൽ കൂടി സുമനസുകളുടെ കാരുണ്യം തേടുകയാണ്.

റോബിനായുള്ള സഹായം Deepika Charitable Turstനു South Indian Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നമ്പർ 00370730 00003036 IFSC Code SIBL 0000037 ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുമ്പോൾ ആ വിവരം gmf@deepika.com ലേക്ക് ഇ–മെയിൽ ആയോ +91 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. ഇപ്പോൾ റുപ്പി അക്കൗണ്ടുകളിൽനിന്നു മാത്രമേ ട്രസ്റ്റിലേക്കു സംഭാവനകൾ സ്വീകരിക്കാനാവൂ. സംശയങ്ങൾക്ക് +91 93495 99068
ഡബ്ല്യുടിഎ ഫൈനൽസ്; കെർബർക്ക് വിജയം
Share on Facebook
സിംഗപുർ: ഡബ്ല്യുടിഎ ഫൈനൽസിൽ ലോക ഒന്നാം നമ്പർ ആംഗലിക് കെർബർക്ക് വിജയം. റൊമാനിയയുടെ സിമോണ ഹാലപ്പിനെയാണ് കെർബർ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കെർബറുടെ വിജയം. സ്കോർ: 6–4, 6–2. ആദ്യ സെറ്റിൽ കെർബറോട് പൊരുതിനിന്ന ഹാലപ്പ് രണ്ടാം സെറ്റിൽ അനായാസം തോൽവി വഴങ്ങി.

ആദ്യ മത്സരത്തിൽ ഡൊമനിക സിബുൽകോവയെ കെർബർ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ കെർബർ സെമിയിൽ കടന്നു. കെർബറോട് പരാജയപ്പെട്ടെങ്കിലും ആദ്യ മത്സരത്തിൽ അമേരിക്കയുടെ മാഡിസൺ കീയെ പരാജയപ്പെടുത്തിയ ഹാലപ്പും സെമിയിലെത്തി.
വാടക കൊടുക്കാതെ സിബിഐ; കേസെടുത്ത് വിജിലൻസ്
Share on Facebook
മൂവാറ്റുപുഴ: വാടക നൽകാത്തതിനു സിബിഐക്കെതിരെ വിജിലൻസ് കേസ്. പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസുകൾ ഉപയോഗിച്ചതിനു വാടക നൽകിയില്ലെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നിർദേശപ്രകാരമാണ് കേസ്. എറണാകുളം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ സിബിഐ ഉദ്യോഗസ്‌ഥർ വാടക നൽകാതെ താമസിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് ജോമോൻ പുത്തൻപുരയ്ക്കൽ കോടതിയെ സമീപിച്ചത്. സിബിഐ എസ്പി, പിഡബ്ല്യുഡി ചീഫ് എൻജിനീയർ, എറണാകുളം കലക്ടർ എന്നിവർക്കെതിരെയാണ് കേസ്.
അഞ്ചാം ക്ലാസ് വരെ തോൽക്കില്ല, അഞ്ചു കഴിഞ്ഞാൽ സംസ്‌ഥാനം തോൽപ്പിച്ചാലായി
Share on Facebook
ന്യൂഡൽഹി: അഞ്ചാം ക്ലാസ് വരെ രാജ്യത്തെ സ്കൂളുകളിൽ ഒരു വിദ്യാർഥിയേയും തോൽപ്പിക്കരുതെന്നു കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി (സിഎബിഇ). കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറും സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരും ഉൾപ്പടെ ഡൽഹിയിൽ ചേർന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതിയുടെ 64–ാമതു യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. അഞ്ചാം ക്ലാസ് വരെയുള്ള ഒരു വിദ്യാർഥിയെയും തോൽപ്പിക്കരുത്. അതിനു ശേഷമുള്ള ക്ലാസുകളിലെ കാര്യത്തിൽ സംസ്‌ഥാന സർക്കാരുകൾക്കു തീരുമാനമെടുക്കാമെന്നുമാണ് യോഗത്തിൽ തീരുമാനമായത്. ദേശീയ വിദ്യാഭ്യാസ നയം രൂപവത്കരിക്കുന്നതിനു മുന്നോടിയായി നിർദേശങ്ങൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട സുബ്രഹ്മണ്യൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണിത്.

സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ കാര്യം സിബിഎസ്ഇക്കുള്ളിൽ തന്നെ ആഭ്യന്തര വിഷയമായി ചർച്ച ചെയ്യുമെന്നും ഇക്കാര്യത്തിൽ യോഗത്തിൽ പ്രത്യേക ചർച്ചകൾ നടന്നിട്ടില്ലെന്നുമാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ യോഗത്തിനു ശേഷം വ്യക്‌തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടു റിപ്പോർട്ട് മതനിരപേക്ഷമല്ലെന്നു യോഗത്തിൽ പങ്കെടുത്ത സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രി പ്രഫ. കെ.സി രവീന്ദ്രനാഥ് പറഞ്ഞു.
ശങ്കർ റെഡ്ഡിക്കെതിരായ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടു
Share on Facebook
തിരുവനന്തപുരം: സോളാർ കമ്മീഷനിൽ സരിത നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ ലഭിച്ച പത്തോളം പരാതികൾ ശങ്കർ റെഡ്ഡി പൂഴ്ത്തിയെന്ന പരാതിയിൽ നിലപാട് അറിയിക്കാൻ വിജിലൻസിനോട് ജഡ്ജി എ.ബദറുദീൻ ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫുകൾ വൻ തോതിൽ കോഴ വാങ്ങിയെന്ന സോളാർ കമ്മീഷനിൽ മൊഴി നൽകിയിരുന്നു. ഈ മൊഴിയെ അടിസ്‌ഥാനമാക്കി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പത്തോളം പരാതികളാണ് വിജിലൻസ് ഡയറക്ടറായിരിക്കെ ശങ്കർ റെഡ്ഡിക്ക് ലഭിച്ചത്. എന്നാൽ അന്നത്തെ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും നിർദേശാനുസരണം ഈ പരാതികൾ ശങ്കർ റെഡ്ഡി പൂഴ്ത്തിയെന്നാരോപിച്ച് പാഴ്ച്ചിറ നവാസാണ് ഹർജി സമർപ്പിച്ചത്.
ആദിവാസികൾക്ക് ജോലി നൽകൽ: എ.കെ ബാലനെ തിരുത്തി മുഖ്യമന്ത്രി
Share on Facebook
തിരുവനന്തപുരം: അഭ്യസ്തവിദ്യരായ ആദിവാസികൾക്ക് സർക്കാർ ജോലി നൽകുമെന്നും പിന്നീട് ഇത് പിഎസ്്സി വഴി സ്്ഥിരപ്പെടുത്തുമെന്നും നിയമസഭയിൽ പ്രഖ്യാപിച്ച മന്ത്രി എ.കെ ബാലനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികജാതി–പട്ടികവർഗ ക്ഷേമവകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചക്കുള്ള മറുപടിയ്ക്കിടെയായിരുന്നു എ.കെ ബാലന്റെ പ്രഖ്യാപനം. ബിരുദധാരികളും പ്രഫഷണൽ ബിരുദങ്ങൾ നേടിയവരുമായ എല്ലാ പട്ടികവർഗ വിദ്യാർഥികൾക്കും ജോലി നൽകുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ 241 സ്കൂളുകളിൽ ടിടിസി, ബിഎഡ്, ഡിഗ്രി എന്നീ യോഗ്യതയുള്ള 244 അധ്യാപകരെ ഗോത്രബന്ധു പദ്ധതിയിൽ ഉൾപെടുത്തി താൽക്കാലികമായി നിയമിക്കുമെന്നും പിന്നീട് ഇവരുടെ നിയനം പിഎസ്്സി വഴി സ്‌ഥിരപ്പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

എന്നാൽ ഉടൻ തന്നെ തൊട്ടടുത്തിരുന്ന മുഖ്യമന്ത്രി എഴുന്നേറ്റു ബാലന്റെ പ്രഖ്യാപനം തള്ളി. സർക്കാർ നിയമനങ്ങൾക്ക് വ്യവസ്‌ഥകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, മാനദണ്ഡങ്ങൾ മറികടന്ന് വകുപ്പുകൾക്ക് പ്രവർത്തിക്കാനാകില്ലെന്നും സുപ്രീംകോടതിയുടെ കർശന മാർഗനിർദേശമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതോടെ താൻ കരാർ നിയമനത്തിന്റെ കാര്യമാണ് പറഞ്ഞതെന്നു പറഞ്ഞ് ബാലൻ തിരുത്തി.
ചീനവലയിൽ ഇന്ത്യൻ ഗോൾ മഴ
Share on Facebook
കുവന്താൻ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ വീണ്ടും ഇന്ത്യയുടെ തേരോട്ടം. ആദ്യ മത്സരത്തിൽ രണ്ടിനെതിരെ പത്തു ഗോളുകൾക്ക് ജപ്പാനെ കശക്കിവിട്ട ഇന്ത്യ നാലാം മത്സരത്തിൽ ചൈനയെ എതിരില്ലാത്ത ഒമ്പതു ഗോളിനു തകർത്തുവിട്ടു. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചു.

ഇന്ത്യയ്ക്കുവേണ്ടി നിക്കിൻ തിമ്മിയ്യ മൂന്ന് ഗോളുകളും അകാശ് ദീപ് സിംഗ്, അഫാൻ യൂസഫ്, ജസ്ജിത്ത് സിംഗ് കുലാർ എന്നിവർ രണ്ട് ഗോൾ വീതവും നേടി. ആദ്യ പകുതിയിൽ നാല് ഗോളുകൾ നേടിയ ഇന്ത്യ രണ്ടാം പകുതിയിൽ അഞ്ച് ഗോളുകളാണ് എതിർവലയിൽ നിക്ഷേപിച്ചത്. നേരത്തെ പാക്കിസ്‌ഥാനെതിരെയും വിജയിച്ച ഇന്ത്യ ദക്ഷിണ കൊറിയയോട് മാത്രമാണ്സമനില പാലിച്ചത്.
മുംബൈയുടെ ഒറ്റ പ്രഹരം; കോൽക്കത്തയുടെ ആദ്യ പരാജയം
Share on Facebook
കോൽക്കത്ത: അത്ലറ്റികോ ഡി കോൽക്കത്തയെ ഏകപക്ഷീയമായ ഒരു ഗോളിനു മുംബൈ സിറ്റി പരാജയപ്പെടുത്തി. ഡീഗോ ഫോർലാനാണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. 74–ാം മിനിറ്റിലായിരുന്നു ഫോർലാന്റെ ഗോൾ. വലതു പാർശ്വത്തിൽനിന്നും സോണി നോർദെ നൽകിയ ക്രോസ് ഫോർലാൻ ശക്‌തമായ ഷോട്ടിലൂടെ ഗോളിലേക്ക് വഴിതിരിക്കുകയായിരുന്നു. കോൽക്കത്ത പ്രതിരോധ നിരക്കാരനായ പ്രബീർ ദാസിന്റെ ദേഹത്ത് തട്ടിയാണ് ഫോർലാനിലേക്ക് പന്തെത്തിയത്.

ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. കോൽക്കത്ത ഒമ്പതു പോയിന്റുമായി മൂന്നാം സ്‌ഥാനത്തേക്ക് വീണു. സീസണിലെ കോൽക്കത്തയുടെ ആദ്യ തോൽവിയാണിത്. മത്സരം വീക്ഷിക്കാൻ മുൻ ഫ്രഞ്ച് താരം തിയറി ഹെൻ റിയും എത്തിയിരുന്നു.
ഫുട്ബോൾ ഇതിഹാസം കാർലോസ് ആൽബർട്ടോ അന്തരിച്ചു
Share on Facebook
റിയോ ഡി ഷാനെയ്റോ: ബ്രസീൽ ഫുട്ബോൾ ഇതിഹാസം കാർലോസ് ആൽബർട്ടോ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് റിയോ ഡി ഷാനെയ്റോയിലായിരുന്നു അന്ത്യം. 1970 ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്റെ നായകനായിരുന്നു. ഫൈനലിൽ ഇറ്റലിക്കെതിരായി കാർലോസ് നേടിയ ഗോൾ ലോകകപ്പ് ചരിത്രത്തിലെ മികച്ച ഗോളായാണ് കണക്കാക്കുന്നത്.

20–ാം നൂറ്റാണ്ടിലെ ലോക ടീമിനെ 1998 ൽ തെരഞ്ഞെടുത്തപ്പോൾ കാർലോസ് അതിലൊരാളായി. 2004 ജീവിച്ചിരിക്കുന്നവരിൽ മഹാൻമാരായ 100 കളിക്കാരെ ഫിഫ തെരഞ്ഞെടുത്തപ്പോഴും കാർലോസ് ആദ്യസ്‌ഥാനക്കാരനായിരുന്നു. റൈറ്റ് ഫുൾബാക്കായിരുന്ന കാർലോസ് ബ്രസീലിനായി എട്ടു ഗോളുകൾ നേടിയിട്ടുണ്ട്.
ചെന്നിത്തലയ്ക്കു വധഭീഷണി ബ്രിട്ടണിൽനിന്ന്
Share on Facebook
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു ഫോണിലൂടെ വധഭീഷണിയെത്തിയതു ബ്രിട്ടണിൽനിന്നാണെന്ന് ഹൈടെക്ക് സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഡോൺ രവി പൂജാരിയുടേതെന്ന പേരിൽ ഭീഷണി സന്ദേശം വന്ന +447440190035 എന്ന മൊബൈൽ നമ്പറിന്റെ വിലാസം ഇന്റർപോൾ മുഖേന ബ്രിട്ടീഷ് പോലീസുമായി ബന്ധപ്പെട്ട് കണ്ടെത്താൻ ഹൈടെക്ക് സെൽ ശ്രമം തുടങ്ങിയിട്ടുണ്ട്.

സംഭവത്തിൽ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ കേസെടുത്തു. ഹൈടെക്ക് സെല്ലും സൈബർ പോലീസും ചേർന്നാകും അന്വേഷണം നടത്തുക. ചന്ദ്രബോസ് വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന നിസാമിനെക്കുറിച്ചു മോശമായി സംസാരിച്ചാൽ താങ്കളെയോ കുടുംബത്തിൽ ഒരാളെയോ വധിക്കുമെന്നായിരുന്നു രമേശിന്റെ ഫോണിലേക്ക് സന്ദേശമയച്ചത്.
ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് ഇരട്ട ജീവപര്യന്തം
Share on Facebook
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. കോഴിക്കോട് മണ്ണൂർ വാകേരിയിൽ ഷാജി(39)യെയാണ് ഇരട്ടജീവപര്യന്തവും കഠിനതടവും ശിക്ഷിച്ചത്. കോഴിക്കോട് ഒന്നാം അഡീഷണൽ ജില്ലാകോടതിയുടേതാണ് വിധി. ഏഴ് വർഷം കഠിനതടവും ഇരട്ടജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവനുഭവിക്കണം.

ആറാംക്ലാസ് മുതൽ പെൺകുട്ടി പീഡനത്തിനിരയായിരുന്നു. അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു അതിക്രമം. പുറത്തുപറഞ്ഞാൽ അമ്മയെയും അനിയത്തിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
സിബിഐ ഡയറക്ടർക്ക് ജേക്കബ് തോമസ് കത്തയച്ചു
Share on Facebook
തിരുവനന്തപുരം: തനിക്കെതിരായ ആരോപണം അന്വേഷിക്കാൻ തയാറാണെന്ന സത്യവാങ്മൂലം സിബിഐ ഡയറക്ടറുടെ അറിവോടെയാണോയെന്ന് വ്യക്‌തമാക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർക്ക് കത്തയച്ചു. ചീഫ് സെക്രട്ടറി മുഖേനയാണ് കത്ത് അയച്ചത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് സിബിഐ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതെന്ന് അദ്ദേഹം കത്തിൽ ആരോപിക്കുന്നു. സത്യവാങ്മൂലം ഡയറക്ടറുടെ അറിവോടെയാണോയെന്ന് വ്യക്‌തമാക്കണമെന്നും നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും കത്തിൽ ജേക്കബ് തോമസ് ആവശ്യപ്പെട്ടു.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂരാണ് ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജേക്കബ് തോമസ് കെടിഡിഎഫ്സിയുടെ എംഡിയായിരിക്കെ, അവധിയെടുത്തു ചട്ടവിരുദ്ധമായി സ്വകാര്യസ്ഥാപനത്തിൽ ജോലി നോക്കിയെന്നാണ് ആരോപണം. ഇതിൽ വിജിലൻസ് നടത്തിയ അന്വേഷണം കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണു ഹർജിക്കാരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പരാതി ഗൗരവമാണെന്നും അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നും സിബിഐ കഴിഞ്ഞ ദിവസം തങ്ങളുടെ അഭിഭാഷകൻ മുഖേന ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് ജേക്കബ് തോമസ് കത്ത് അയച്ചിരിക്കുന്നത്.
ഐഒസി സമരം ഒത്തുതീർപ്പായി; നാളെ മുതൽ ടാങ്കറുകൾ ഓടും
Share on Facebook
തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) ഇരുമ്പനം പ്ലാന്റിൽ ടാങ്കർ ലോറി ഉടമകളും തൊഴിലാളികളും ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് അവസാനിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ മാനേജ്്മെന്റ് പ്രതിനിധികളും കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയുടെ അടിസ്‌ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. നിലവിലുള്ള ടെൻഡർ നടപടികൾ താത്കാലികമായി മരവിപ്പിക്കാനും ടെൻഡർ നടപടികൾ ഡിസംബർ വരെ നീട്ടിവെയ്ക്കാനും തീരുമാനമായി. ബുധനാഴ്ച രാവിലെ മുതൽ ടാങ്കറുകൾ ഓടിത്തുടങ്ങും.

ടെണ്ടർ നടപടികളിൽ പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയതിനെതിരെയാണു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതൽ ടാങ്കർ ലോറി ഉടമകളും തൊഴിലാളികളും സമരം ആരംഭിച്ചത്. ടെണ്ടർ വ്യവസ്ഥയിൽ പുതുതായി കൂട്ടിച്ചേർത്ത വ്യവസ്ഥയനുസരിച്ച് ഒരാൾക്ക് മൊത്തം ലോഡിന്റെ 10 ശതമാനം വരെ ക്വാട്ട് ചെയ്യാനാകും. ഇതിനുസരിച്ച് 55 ലോഡ് വരെ ഒരാൾക്കു ടെണ്ടർ ചെയ്യാൻ അവസമരൊരുക്കും. ഇതു വൻകിടക്കാരെ സഹായിക്കാനാണെന്നാണ് ടാങ്കർ ഉടമകളുടെ വാദം.
ഉറി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ ഏറ്റെടുത്തു
Share on Facebook
ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ ഇ ത്വയ്ബ ഏറ്റെടുത്തു. പാക്കിസ്‌ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനായാണ് ലഷ്കർ ഇ ത്വയ്ബ. പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഗുജ്രൻവാലയിൽ ലഷ്കർ ഇ ത്വയ്ബയുടെ മാതൃസംഘടനയായ ജമാഅത് ഉദ് ദവയുടേതായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലാണ് ഭീകരാക്രമണം നടത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഈ പോസ്റ്ററുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാളുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ടാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിൽ 177 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതായും പോസ്റ്ററിൽ അവകാശപ്പെടുന്നു.
ഓസ്ട്രേലിയയിലെ വാട്ടർ തീം പാർക്കിൽ അപകടം; നാലു മരണം
Share on Facebook
കാൻബറ: ഓസ്ട്രേലിയയിലെ വാട്ടർ തീം പാർക്കിലുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. ക്വീൻസ് ലൻഡ് ഗോൾഡ് കോസ്റ്റിലെ ഡ്രീംവേൾഡ് വാട്ടർ തീം പാർക്കിലായിരുന്നു സംഭവം. ശക്‌തമായ കുത്തൊഴുക്കുള്ള കൃത്രിമ ജലപാതയിലൂടെ കുട്ടവഞ്ചിയിൽ പോകുന്നതാണ് റൈഡ്. കുട്ടവഞ്ചിയിൽനിന്നും യാത്രികർ തെിച്ചുവീണാണ് അപകടം. സംഭവത്തെ തുടർന്ന് പാർക്ക് അടച്ചു. അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ വലിയ തീം പാർക്കുകളിലൊന്നാണ് ഡ്രീംവേൾഡ്.
ഹിന്ദുത്വം മതമല്ല ജീവിതരീതിയാണെന്ന് സുപ്രീംകോടതി
Share on Facebook
ന്യൂഡൽഹി: ഹിന്ദുത്വം മതമല്ല ജീവിതരീതിയാണെന്ന് സുപ്രീംകോടതി. ഹിന്ദുത്വ എന്നതിന് കൃത്യമായ നിർവചനം വേണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദ് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ടീസ്റ്റയുടെ ഹർജി തള്ളിയ ഏഴംഗ ഭരണഘടനാ ബഞ്ച് 1995ലെ ഹിന്ദുത്വ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും വ്യക്‌തമാക്കി. 1995ലെ വിധി പുനഃപരിശോധിക്കണമെന്നും ഹിന്ദുത്വ എന്ന പ്രയോഗത്തിന് കൃത്യമായ നിർവചനം വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഹിന്ദുത്വ എന്ന വാക്ക് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

1995ലെ ഹിന്ദുത്വ വിധി പുനപരിശോധിക്കേണ്ടതില്ലെന്നും ഏഴംഗ ഭരണഘടനാ ബഞ്ച് വ്യക്‌തമാക്കി. 1995ലെ വിധി പുനപരിശോധിക്കണമെന്നും ഹിന്ദുത്വ എന്ന പ്രയോഗത്തിന് കൃത്യമായ നിർവചനം വേണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദ് സമർപിച്ച ഹർജി തള്ളിയാണ് കോടതി നിലപാട് വ്യക്‌തമാക്കിയത്. ഹിന്ദുത്വ എന്നാൽ ഹിന്ദു മതമാണോ എന്നതും അത് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ പാടുണ്ടോ എന്ന കാര്യവും ഇപ്പോൾ പരിശോധിക്കാനില്ലെന്ന് കോടതി വ്യക്‌തമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂർ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന സ്‌ഥാനാർഥികൾ ബാൽ താക്കറെയുടെയും പ്രമോദ് മഹാജന്റെയും പ്രസംഗങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ഹർജി. ഹിന്ദുത്വത്തിനും ഹിന്ദു രാഷ്ട്രത്തിനും വേണ്ടി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഈ പ്രസംഗങ്ങൾ.
ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തായ് വാൻ ടൂറിസം മുന്നോട്ട്
Share on Facebook
ഇന്ത്യയെ ലക്ഷ്യമിട്ട് തായ് വാൻ ടൂറിസം കുതിക്കുന്നു. പല മേഖലകളിലും ശ്രദ്ധയമായ മാറ്റങ്ങൾ വരുത്തിയാണ് തായ് വാന്റെ ഈ കുതിപ്പ്. കഴിഞ്ഞ വർഷം 40,000ൽ പരം ഇന്ത്യക്കാരാണ് തായ്വാൻ സന്ദർശിച്ചത്. ഇന്ത്യൻ കുടുംബങ്ങളെയാണ് തായ്വാൻ ടൂറിസം മേഖല ലക്ഷ്യമിടുന്നത്. പല സമ്മേളനങ്ങളും തായ്വാനിൽ നടക്കുന്നതിന് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര യാത്രാവിനിമയ വിഭാഗം അറിയിച്ചു.

ലഘുവായ ഗ്രൂപ്പ് വീസകൾ, ചെറുതും വലുതുമായ ഹോട്ടലുകൾ, പല തരത്തിലുളള യാത്രാ മാർഗങ്ങൾ, ആകർഷണീയമായ പാർക്കുകൾ തുടങ്ങി ഒട്ടേറെ മുന്നൊരുക്കങ്ങളും തായ് വാൻ നടത്തുന്നുണ്ട്. ഇലക്ട്രോണിക്സ്–വാഹന വ്യവസായങ്ങൾ ശക്‌തമായ തായ് വാനിലെ നിരവധി ഉത്പന്നങ്ങൾ ഇന്ത്യൻ ഭവനങ്ങളിൽ സ്‌ഥാനം പിടിച്ചിട്ടുണ്ടെന്നാണ് അവരുടെ കണക്കുകൾ. ഇന്ത്യൻ വിദ്യാർഥികൾക്കായി തായ് വാനിൽ കമ്പനികൾ ഇന്റർഷിപ്പിനും അവസരങ്ങൾ ഒരുക്കുന്നുണ്ട്.
അണ്ടർ 17 ലോകകപ്പ്: ഒക്ടോബർ ആറു മുതൽ 28 വരെ
Share on Facebook
ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന്റെ തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ഒക്ടോബർ ആറു മുതൽ 28 വരെ ഇന്ത്യയിലെ ആറു വേദികളിലായാണ് മത്സരം. കൊച്ചി, ഗോവ, ഗോഹട്ടി, നവി മുംബൈ, ഡൽഹി, കോൽക്കത്ത എന്നിവയാണ് മൽസരവേദികൾ. കോൽക്കത്തയിലാണ് ഫൈനൽ മത്സരം നടക്കുക. ജൂലൈ ഏഴിന് മത്സരക്രമം തീരുമാനിക്കും.

ആതിഥേയരായ ഇന്ത്യയടക്കം 24 ടീമുകളാണ് ഏറ്റുമുട്ടുന്നത്. 23 ടീമുകൾ യോഗ്യതാ റൗണ്ട് കളിച്ചെത്തിയപ്പോൾ ഇന്ത്യക്ക് ആതിഥേയരെന്ന നിലയിലാണ് മത്സരിക്കാൻ അവസരം ഒരുങ്ങിയത്. ഇതാദ്യമായാണ് ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ത്യ വേദിയാവുന്നത്.
ഐപിഎൽ പ്രക്ഷേപണം: ബിസിസിഐ ലേലം നീട്ടിവച്ചു
Share on Facebook
മുംബൈ: ഐപിഎൽ ടെലിവിഷൻ പ്രക്ഷേപണ അവകാശം നൽകാനുള്ള ലേലം ബിസിസിഐ നീട്ടിവച്ചു. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം. പുതിയ ലേല തീയതി എന്നാണെന്നും ബോർഡ് വ്യക്‌തമാക്കിയിട്ടില്ല.

ആർ.എം.ലോധ സമിതി നിർദ്ദേശങ്ങൾ നടപ്പാക്കാത്തതിനാൽ ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം ലോധ സമിതിയുടെ അനുമതിയോടെ മാത്രമേ ലേലം പോലുള്ള നടപടികളും നടത്താൻ കഴിയൂ. ലേലം നടപടികൾ പൂർത്തിയാക്കാൻ ലോധ സമിതിയിൽ നിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ലേലത്തിന് തയാറായിരുന്ന കമ്പനികളോട് ക്ഷമാപണം നടത്തുന്നതായും ബിസിസിഐ അറിയിച്ചു.
കായംകുളത്ത് സിപിഐയുടെ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
Share on Facebook
കായംകുളം: സിപിഐ കായംകുളം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിന്റെ ലാത്തിയടിയിൽ ഒൻപത് പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഐ പ്രാദേശിക നേതാവ് ഷിജിയെ ആക്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് സ്റ്റേഷനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശുകയായിരുന്നു.

സംഘർഷത്തിൽ എഐവൈഎഫ് ജില്ലാ നേതാവ് ഉണ്ണി ജെ. വാര്യത്ത്, നഗരസഭാ കൗൺസിലർ ജലീൽ എസ്.പെരുമ്പളത്ത് ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനുള്ള സമയപരിധി നീട്ടി
Share on Facebook
ജതിരുവനന്തപുരം: റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനുള്ള സമയപരിധി നീട്ടി. അടുത്ത മാസം അഞ്ചു വരെ പരാതികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ അറിയിച്ചു. ഈ കാലയളവിൽ ഇതുമായി ബന്ധപ്പെട്ട ഓഫീസുകൾ അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
തന്റെ വാക്കുകൾ ശരിവക്കുന്നതാണ് ഉമ്മൻ ചാണ്ടിക്കെതിരെയുള്ള വിധിയെന്ന് സരിത
Share on Facebook
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതെല്ലാം സത്യമാണെന്നു തെളിയിക്കുന്നതാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള വിധിയെന്ന് സോളാർ കേസ് പ്രതി സരിത.എസ്.നായർ. കേസ് ബംഗളുരുവിൽ നടന്നതു കൊണ്ടാണ് ശിക്ഷ വന്നതെന്നും സരിത പറഞ്ഞു.

പുതിയ സർക്കാരിൽ തനിക്ക് വിശ്വാസമുണ്ടെന്നു പറഞ്ഞ സരിത ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാന്ദനുമായി കൂടിക്കാഴ്ച നടത്തി. കവടിയാർ ഹൗസിലെത്തിയാണ് സരിത വിഎസിനെ കണ്ടത്.
പിളർപ്പ് തള്ളി മുലായം; പാർട്ടിയിലും കുടുംബത്തിലും പ്രശ്നങ്ങളില്ലെന്നു വിശദീകരണം
Share on Facebook
ലക്നോ: സമാജ്വാദി പാർട്ടിയിൽ പിളർപ്പില്ലെന്ന് പാർട്ടി തലവൻ മുലായം സിംഗ് യാദവ്. പാർട്ടിയിലും കുടുംബത്തിലും പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആസ്‌ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. അതേസമയം, മുലായത്തിന്റെ മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് വാർത്താ സമ്മേളനത്തിനെത്തിയില്ല.

തന്റെ വാക്കുകളാണ് യാഥാർഥ്യമെന്നും അതിനു ഘടക വിരുദ്ധമായി വരുന്ന വാർത്തകൾ തെറ്റാണെന്നും മുലായം പറഞ്ഞു. പാർട്ടിക്കും അതിന്റെ തത്വങ്ങൾക്കും വേണ്ടി സമർപ്പിച്ച ജീവിതമാണ് തന്റേതെന്നും പാർട്ടിയേയും കുടുംബത്തെയും ഒറ്റക്കെട്ടായാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. പുറത്താക്കിയ മന്ത്രിമാരെ തിരിച്ചെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ അഖിലേഷ് യാദവാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഒറ്റക്കെട്ടായാണ് അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയതെന്നും അന്നുണ്ടായിരുന്ന പിന്തുണ ഇപ്പോഴും അഖിലേഷിനുണ്ടെന്നും മുലായം സിംഗ് വ്യക്‌തമാക്കി. അടുത്ത വർഷമാദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി നിർണയം സംബന്ധിച്ച് അഖിലേഷ് യാദവും, അഖിലേഷിന്റെ ഇളയച്ഛനായ ശിവ്പാൽ യാദവും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. ഇതേത്തുടർന്ന് ശിവ്പാൽ യാദവ്, നാരദ് റായ്, ഓം പ്രകാശ് സിംഗ്, ഷബാബ് ഫാത്തിമ എന്നീ മന്ത്രിമാരെ അഖിലേഷ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. അതിനിടെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയുന്നതിനായി മുലായം സിംഗ് യാദവ് തിങ്കളാഴ്ച വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിയുകയും ചെയ്തിരുന്നു.

ഇതോടെയാണ് പാർട്ടി പിളർപ്പിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പാർട്ടി തലവൻ തന്നെ രംഗത്തെത്തിയത്.
കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്കുള്ള സർക്കാർ നടപടികളുമായി സഹകരിക്കും: പി.ജയരാജൻ
Share on Facebook
കണ്ണൂർ: കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്കുള്ള സർക്കാർ നടപടികളുമായി സിപിഎം സഹകരിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.

എന്നാൽ കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ വെറും ക്രമസമാധാന പ്രശ്നമായി കാണുന്ന പോലീസ് നിലപാട് സിപിഎം തള്ളി. കണ്ണൂരിലെ അക്രമ സംഭവങ്ങൾക്ക് കാരണം ആർഎസ്എസുകാരാണ്. അവരുടെ കേരള അജണ്ടയുടെ ഭാഗമായാണ് അക്രമങ്ങൾ നടത്തുന്നത്. ജില്ലയിൽ പലയിടത്തും സംഘപരിവാറിന്റെ ഭാഗമായി നടത്തുന്ന പരിപാടികളിൽ മതസ്പർദ്ദ ഉളവാക്കുന്ന നിലയിലുള്ള പരാമർശങ്ങൾ വരുന്നുണ്ട്. ഇങ്ങനെ മതസ്പർദ്ദ ഉണ്ടാക്കുന്ന നിലയിലുള്ള പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണം. ക്ഷേത്രങ്ങളിലും സർക്കാർ സ്‌ഥലങ്ങളിലും ആർഎസ്എസ് ശാഖകൾ നടക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

സമാധാന പാലനത്തിന്റെ പേരിൽ പോലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരേ പ്രതികരിക്കരുതെന്ന നിർദ്ദേശം സ്വീകാര്യമല്ല. പോലീസ് ഉദ്യോഗസ്‌ഥരിൽ എല്ലാവരും നിഷ്പക്ഷമായി പ്രവർത്തിക്കുന്നവരല്ല. അവരിൽ തെറ്റായ നടപടികൾ സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ പ്രതികരിക്കേണ്ടത് ആവശ്യമാണ്. രാഷ്ര്‌ടീയ പാർട്ടി എന്ന നിലക്ക് ഏത് ഉദ്യോഗസ്‌ഥന്റെയും തെറ്റും നിയമവിരുദ്ധവുമായ നടപടികളെ എതിർക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണെന്നും പി.ജയരാജന്റെ പോസ്റ്റിൽ പറയുന്നു.
കാഷ്മീരിൽ അജ്‌ഞാതരുടെ ബാങ്ക് കൊള്ള; 2.25 ലക്ഷം രൂപ കവർന്നു
Share on Facebook
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ആയുധധാരികൾ ബാങ്ക് കൊള്ളയടിച്ചു. കാഷ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. ആയുധങ്ങളുമായി ബാങ്കിലെത്തിയ അജ്‌ഞാതരായ മൂന്നു പേരാണ് കവർച്ച നടത്തിയത്. 2,25000 രൂപ കവർന്നുവെന്നാണ് വിവരം.

മുഖംമൂടി ധരിച്ചെത്തിയ ഇവർ ജീവനക്കാരെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് കവർച്ച നടത്തിയത്. പോലീസ് സ്‌ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
മലേഷ്യയിൽ ആശുപത്രിയിൽ തീപിടുത്തം; ആറു പേർ മരിച്ചു
Share on Facebook
ക്വലാലംപൂർ: മലേഷ്യയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആറു പേർ മരിച്ചു. മലേഷ്യയിലെ ജോഹോർ ബഹുരുവിലുള്ള സുൽത്താന അമിന ആശുപത്രിയുടെ ഐസിയുവിലാണ് തീപിടുത്തമുണ്ടായത്.
രണ്ടു മണിക്കൂറോളം തീ ആളിപ്പടർന്നുവെന്നാണ് വിവരങ്ങൾ. മലേഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ നൂർ ഹിഷാം അബ്ദുള്ള സംഭവത്തിൽ നടക്കം രേഖപ്പെടുത്തി.

തീപിടുത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയുടെയും ആശുപത്രിയിലെ രണ്ടു ജീവനക്കാരുടെയും നില ഗുരുതരമാണെന്നും നൂർ ഹിഷാം അബ്ദുള്ള വ്യക്‌തമാക്കി. സംഭവത്തിൽ പൊള്ളലേറ്റവരെയും ശ്വാസതടസമുണ്ടായവരെയും അടുത്തുള്ള അശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. വയറിംഗിലെ അപാകതയോ ഷോർട്ട്സർക്യൂട്ടോ ആകാം അപകടകാരണമെന്ന് നൂർ ഹിഷാം വ്യക്‌തമാക്കി.

മലേഷ്യയിലെ മികച്ച ആശുപത്രികളിലൊന്നാണ് സുൽത്താന അമിന ആശുപത്രി. 1982ലാണ് ഇത് സ്‌ഥാപിതമായത്.
വിജയ് മല്ല്യയോട് നാലാഴ്ചയ്ക്കുള്ളിൽ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി
Share on Facebook
ന്യൂഡൽഹി: വിവാദ മദ്യവ്യവസായി വിജയ് മല്ല്യയോട് സ്വത്ത് വിവരങ്ങൾ അടിയന്തരമായി വെളിപ്പെടുത്താൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 900 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന കേസിലെ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. നേരത്തെ ഇതു സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. പക്ഷേ, അന്ന് സ്വത്ത് വിവരങ്ങൾ വെലിപ്പെടുത്താൻ മല്ല്യ തയാറായിരുന്നില്ല.

രാജ്യത്തിനകത്തും പുറത്തുമുള്ള സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് ഉത്തവ്. മല്യയുടെ, വിദേശത്തെ വരുമാനവും സമ്പത്തും വിലാസങ്ങളുമടക്കമുള്ള കാര്യങ്ങൾ വെളിപ്പെടുത്തണെമെന്നാണ് കോടതിയുടെ ആവശ്യം. മല്ല്യ നിരന്തരം കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നും കോടതിയെ മനപ്പൂർവം കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ബാങ്കുകളുടെ കൺസോർഷ്യത്തിനു വേണ്ടി കോടതിയിൽ ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്തഗി വ്യക്‌തമാക്കി.

ജസ്റ്റീസ് കുര്യൻ ജോസഫും ജസ്റ്റീസ് രോഹിംങ്ടൺ നരിമാനുമടങ്ങുന്ന ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മാധ്യമ പ്രവർത്തകരെ തടയുന്ന അഭിഭാഷകർ ക്രിമിനലുകളെന്ന് കോടിയേരി
Share on Facebook
തിരുവനന്തപുരം: സംസ്‌ഥാനത്ത് മാധ്യമ പ്രവർത്തകർക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള അവസരമുണ്ടാകണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാധ്യമ പ്രവർത്തകരെ കോടതികളിൽ തടയുന്നത് അനുവദിക്കാനാവില്ല.

ഒരു കൂട്ടം അഭിഭാഷകർ സമൂഹത്തിന്റെ പൊതു നിലപാടിനെതിരായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരക്കാരെ അഭിഭാഷകരായി കാണാൻ സാധിക്കില്ലെന്നും അവരെ ക്രിമിനലുകളായി മാത്രമേ കാണാൻ സാധിക്കൂവെന്നും കോടിയേരി പറഞ്ഞു. പ്രശ്നത്തിനു അടിയന്തര പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പക്ഷിപ്പനി സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ
Share on Facebook
ആലപ്പുഴ: പക്ഷിപ്പനി സംബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ വീണ.എൻ.മാധവൻ. പക്ഷിപ്പനി സ്‌ഥീരീകരിച്ചയിടങ്ങളിലെ താറാവുകളെ കൊല്ലുമെന്നും അവർ പറഞ്ഞു. ജില്ലയിലെ മൂന്നു പഞ്ചായത്തുകളിലായി അഞ്ചിടങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി ബാധ സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ താറാവുകളെയാണ് കൊല്ലുക.

താറാവുകളെ നിരീക്ഷിക്കാൻ ദ്രുതകർമ്മ ടീമിനെ നിയോഗിച്ചുവെന്നും കളക്ടർ വ്യക്‌തമാക്കി.
തൃശൂർ ജില്ലയിൽ നേരിയ ഭൂചലനം
Share on Facebook
തൃശൂർ: ജില്ലയിലെ ദേശമംഗലം, ആറങ്ങോട്ടുകര, വരവൂർ എന്നിവടങ്ങളിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏകീകൃത സിവിൽകോഡ്; ചർച്ചകൾ അനവസരത്തിലെന്ന് ആന്റണി
Share on Facebook
തിരുവനന്തപുരം: ഏകീകൃത സിവിൽകോഡ് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനവസരത്തിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ഇപ്പോൾ ഇത്തരം ചർച്ചകളുടെ ആവശ്യമില്ല. മുത്തലാഖ് സംബന്ധിച്ച് മുസ്ലീം സമുദായത്തിൽ സമന്വയമുണ്ടാവുകയാണ് ആദ്യം വേണ്ടതെന്നും ആന്റണി പറഞ്ഞു.
സമാജ് വാദി പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് ശിവ്പാൽ യാദവ്
Share on Facebook
ലക് നോ: സമാജ് വാദി പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പാർട്ടി നേതാവ് ശിവ്പാൽ സിംഗ് യാദവ്. പാർട്ടി തലവൻ മുലായം സിംഗ് യാദവാണെന്നും അദ്ദേഹം പറയുന്നതെന്തും താൻ അനുസരിക്കുമെന്നും ശിവ്പാൽ സിംഗ് വ്യക്‌തമാക്കി.

അടുത്തവർഷം ആദ്യം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുലായം സിംഗിന്റെ മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും അഖിലേഷിന്റെ ഇളയച്ഛൻ കൂടിയായ ശിവപാൽ യാദവും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. ഒടുവിൽ ശിവ്പാൽ സിംഗിനെ മന്ത്രിസഭയിൽ നിന്നു അഖിലേഷ് പുറത്താക്കുകയും ചെയ്തു. ഇതിനുപുറമേ രാജ്യസഭാംഗം അമർ സിംഗിന്റെ ചരടുവലികളും കൂടിയായതോടെ പാർട്ടി പിളർപ്പിലേക്കു നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നുമാണ് ഇന്ന് ശിവ്പാൽ സിംഗ് യാദവ് പറഞ്ഞത്. അതേസമയം, പാർട്ടിക്കുള്ളിലെ പ്രശനങ്ങൾ ചർച്ച ചെയ്യാൻ മുലായം സിംഗ് യാദവ് തിങ്കളാഴ്ച വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
ഭക്ഷ്യഭദ്രതാ നിയമം അതേപടി നടപ്പിലാക്കനാവില്ലെന്ന് കോടിയേരി
Share on Facebook
തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമം അതേപടി നടപ്പിലാക്കിയാൽ റേഷൻ സംവിധാനം പാടെ തകരുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുൻഗണനാ ലിസ്റ്റിൽ അപാകതകളുണ്ട്. കാർഡുടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.. ആക്ഷേപങ്ങൾ മുഴുവൻ കേൾക്കാൻ സർക്കാർ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഡൽഹിയിയിലെ ചാന്ദ്നി ചൗക്കിൽ പൊട്ടിത്തെറി: ഒരാൾ മരിച്ചു
Share on Facebook
ന്യൂഡൽഹി: ഡൽഹിയിയിലെ ചാന്ദ്നി ചൗക്കിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. സംഭവത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. പടക്ക ശേഖരം പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. ചാന്ദ്നി ചൗക്കിലെ നയബസാറിലാണ് പൊട്ടിത്തെറിയുണ്ടായത്.

എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്‌തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
ചലച്ചിത്ര നടി കണ്ണൂർ ശ്രീലതയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
Share on Facebook
കണ്ണൂർ: ചലച്ചിത്ര നടി കണ്ണൂർ ശ്രീലതയുടെ ഭർത്താവിനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടച്ചേരി മുത്തപ്പൻകാവിന് സമീപം താമസിക്കുന്ന വിനോദി(53)നെയാണ് ഇന്നു രാവിലെ താളിക്കാവ് റോഡിലെ ഹോട്ടലിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ ഭാസ്കരൻ–കാർത്ത്യായനി ദമ്പതികളുടെ മകനാണ്. തളിപ്പറമ്പിലെ പെയിന്റിംഗ് കടയിൽ ജോലി ചെയ്തുവരികയായിരുന്ന വിനോദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താളിക്കാവിലെ ഹോട്ടലിന്റെ വരാന്തയിലാണ് കിടന്നുറങ്ങിയിരുന്നത്. ഇന്നു രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ടൗൺ പോലീസ് സംഭവ സ്‌ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സഹോദരങ്ങൾ: പ്രദീപൻ, രാജീവൻ, റീന, ബീന, ദീപ, മീറ, പരേതനായ സജീവൻ.
കൊല്ലം കടൽതീരത്ത് ഇതരസംസ്‌ഥാന തൊഴിലാളി മരിച്ച നിലയിൽ
Share on Facebook
കൊല്ലം: കടൽതീരത്ത് ഇതര സംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കാണപ്പെട്ടു. ഇന്ന് രാവിലെ കൊല്ലം ബീച്ചിന് സമീപം വെടിക്കുന്ന് ഭാഗത്താണ് മൃതദേഹം കാണപ്പെട്ടത്. ഇയാളുടെ പേര് വിവരങ്ങൾ വ്യക്‌തമായിട്ടില്ല. 80 വയസോളം പ്രായമുള്ള വൃദ്ധനാണ് മരിച്ചിരിക്കുന്നത്. ഈസ്റ്റ് പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങി.
ഐഒസി സമരം: ഇന്ധന നീക്കം പൂർണ സ്തംഭനത്തിലേക്ക്; ഇന്നത്തെ യോഗം നിർണായകം
Share on Facebook
കൊച്ചി: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) ഇരുമ്പനം പ്ലാന്റിൽ ടാങ്കർ ലോറി ഉടമകളും തൊഴിലാളികളും ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിക്കുന്നതിന് ഇന്നു ചേരുന്ന യോഗം നിർണായകം. വൈകുന്നേരം അഞ്ചിന് മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ സമരം ഒത്തുതീർപ്പായില്ലെങ്കിൽ സംസ്‌ഥാനം പൂർണമായും ഇന്ധനക്ഷാമത്തിലേക്കു കൂപ്പുകുത്തും. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ മറ്റു പെട്രോളിയം കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവിടങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കോ–ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

ഇവിടങ്ങളിൽ നിന്നും ഇന്ധനം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളും സമരം ആരംഭിച്ചാൽ സംസ്‌ഥാനത്ത് ഇന്ധനം പൂർണമായും ലഭിക്കാത്ത സാഹചര്യമുണ്ടാകും. നിലവിൽ സമരം മൂലം സംസ്‌ഥാനത്തെ ഐഒസിയുടെ 700 ഓളം പമ്പുകൾ അടച്ചിട്ടിരിക്കുകയാണ്. 950 പമ്പുകളിലേക്കാണ് ഐഒസി ഇന്ധനം വിതരണം ചെയ്യുന്നത്. ഇതിൽ കൊച്ചിയിൽ നിന്നും പ്രതിദിനം 580 ലോഡുകൾ കണ്ണൂർ, മലപ്പുറം ഒഴികെയുള്ള ജില്ലകളിലേക്കാണ് പോകുന്നത്. കോഴിക്കോട് നിന്ന് 140 ലോഡുകൾ കണ്ണൂർ, മലപ്പുറം ജില്ലകളിലേക്കും പ്രതിദിനം പോകുന്നുണ്ട്.

ടെണ്ടർ നടപടികളിൽ പുതിയ വ്യവസ്‌ഥകൾ ഏർപ്പെടുത്തിയതിനെതിരെയാണു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതൽ ടാങ്കർ ലോറി ഉടമകളും തൊഴിലാളികളും സമരം ആരംഭിച്ചത്. ടെണ്ടർ വ്യവസ്‌ഥയിൽ പുതുതായി കൂട്ടിച്ചേർത്ത വ്യവസ്‌ഥയനുസരിച്ച് ഒരാൾക്ക് മൊത്തം ലോഡിന്റെ 10 ശതമാനം വരെ ക്വാട്ട് ചെയ്യാനാകും. ഇതിനുസരിച്ച് 55 ലോഡ് വരെ ഒരാൾക്കു ടെണ്ടർ ചെയ്യാൻ അവസമരൊരുക്കും. ഇതു വൻകിടക്കാരെ സഹായിക്കാനാണെന്നാണ് ടാങ്കർ ഉടമകളുടെ വാദം. ടാങ്കറുകൾക്ക് മുകളിലുള്ള സ്റ്റീൽ അടപ്പുകൾ മാറ്റി കമ്പനി നിഷ്കർഷിക്കുന്ന തരത്തിലുള്ള ലോക്കിംഗ് സ്‌ഥാപിക്കണമെന്നും ടാങ്കറുകളിലെ അറകൾക്കുള്ളിൽ സെൻസറുകൾ ഘടിപ്പിക്കണമെന്നുമാണ് ആവശ്യം. എന്നാൽ, ഇന്ത്യയിൽ മറ്റൊരു കമ്പനിയും ടാങ്കറുകൾക്കുള്ളിൽ സെൻസർ സ്‌ഥാപിക്കാൻ നിഷ്കർഷിക്കുന്നില്ല. ഐഒസിയിൽ മാത്രം ഇത് നിർബന്ധമാക്കുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യമാണെന്നും ടാങ്കർ ലോറി ഉടമകൾ പറയുന്നു.

സമരം ഒത്തുതീർപ്പാക്കുന്നതിനു മുമ്പ് പലവട്ട ചർച്ചകൾ നടത്തിയിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട്ടും ചർച്ച നടന്നിരുന്നു. സമരം ശക്‌തമാക്കിയതിനെ തുടർന്ന് എറണാകുളം ഉൾപ്പടെ ഏഴ് ജില്ലകളിലെ ഐഒസി പമ്പുകൾ നിശ്ചലമായിരിക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലെ ഏവിയേഷൻ ഇന്ധന വിതരണത്തെയും സമരം ബാധിച്ചിട്ടുണ്ട്.
ബ്രസീലിൽ യുവതി കൂട്ടമാനഭംഗത്തിനിരയായി; പ്രതികൾ ഒളിവിൽ
Share on Facebook
റിയോ ഡി ഷാനെയ്റോ: ബ്രസീലിൽ 34കാരിയായ യുവതി കൂട്ട മാനഭംഗത്തിനിരയായി. ബ്രസീലിലെ റിയോ ഡി ഷാനെയ്റോയിലാണ് സംഭവം. കേസിൽ പത്തോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇവർ ഒളിവിലാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. റിയോയിലെ ഒരു ബാറിനു സമീപത്തു വച്ചാണ് സംഭവം. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്
കേരളം ഗുണ്ടകളുടെ പറുദീസയായെന്ന് ചെന്നിത്തല; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
Share on Facebook
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചു വരുന്നതു സംബന്ധിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി. അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നേരത്തെ, സംസ്‌ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചു വരികയാണെന്നും ജനങ്ങളുടെ സ്വൈര്യ ജീവിതം തടസപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി പി.ടി.തോമസ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. സംസ്‌ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്‌ഥന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സംസ്‌ഥാനം തിരുട്ട് ഗ്രാമം പോലെ ആയെന്നും പോലീസ് വകുപ്പിലെ ഉന്നതർ തമ്മിൽ മത്സരമായതിനാൽ് ഗുണ്ടാ ആക്രമണങ്ങൾ ശ്രദ്ധിക്കാൻ അവർക്ക് സമയമില്ലാതായിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതു സർക്കാരിനുള്ളതെന്നും ഗുണ്ടാ ആക്രമണങ്ങൾക്കെതിരെ കടുത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഗുണ്ടാ സംഘങ്ങൾക്ക് സംരക്ഷണ കവചം ഒരുക്കില്ലെന്നും അത്തരം സംഘങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ദൃശ്യമാധ്യമ പ്രവർത്തകരുടെ വേതനം സംബന്ധിച്ച പരാതികൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
Share on Facebook
തിരുവനന്തപുരം: ദൃശ്യമാധ്യമ പ്രവർത്തകരുടെ വേതനം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനേജ്മെന്റുകൾ മതിയായ സാഹചര്യങ്ങളൊരുക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

മാധ്യമപ്രവർത്തകയായിരുന്ന വീണാ ജോർജ് എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ദേശീയ ട്രൈബൽ കാർണിവലിനു ഇന്നു തുടക്കം
Share on Facebook
ന്യൂഡൽഹി: ദേശീയ ട്രൈബൽ കാർണിവലിനു ഇന്നു തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാർണിവൽ ഉദ്ഘാടനം ചെയുന്നത്. രാജ്യത്ത് ആദ്യമായാണ് ട്രൈബൽ കാർണിവൽ നടക്കുന്നത്. തങ്ങൾ സമൂഹത്തിൽ മാറ്റി നിർത്തപ്പെടേണ്ടവരല്ല എന്ന് ആദിവാസി ഗോത്രവിഭാഗങ്ങളെ ബോധ്യപ്പെടുത്തുന്നതിനും, ആദിവാസി ഗോത്ര വിഭാഗങ്ങളുടെ സംസ്കാരത്തെക്കുറിച്ച് മറ്റുള്ളവർക്ക് മനസിലാക്കാനും കാർണിവൽ സഹായകമാകുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.

1,600 ഗോത്രകലാകാരന്മാരും 8,000ത്തോളം പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരങ്ങൾ.
സ്വർണ വിലയിൽ മാറ്റമില്ല
Share on Facebook
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 22,600 രൂപയിലും ഗ്രാമിന് 2,825 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.
ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെന്ന് മുഖ്യമന്ത്രി
Share on Facebook
തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതു സർക്കാരിനുള്ളതെന്നും ഗുണ്ടാ ആക്രമണങ്ങൾക്കെതിരെ കടുത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്‌ഥാനത്തെ ഗുണ്ടാ ആക്രമണങ്ങൾ സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയപ്പോഴായിരുന്നു പിണറായി ഇങ്ങനെ പറഞ്ഞത്. പി.ടി.തോമസ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. സംസ്‌ഥാനത്ത് പോലീസ് നിഷ്ക്രിയമാണെന്നും അതിനാലാണ് അക്രമങ്ങൾ വർധിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്.
വയൽ നികത്തൽ ഭേദഗതി തിരുത്താൻ സർക്കാർ തീരുമാനം
Share on Facebook
തിരുവനന്തപുരം: വയൽ നികത്തൽ ഭേദഗതിയിൽ തിരുത്ത് വരുത്താൻ സർക്കാർ തീരുമാനം. അപേക്ഷിച്ച 93,000 പേർക്കും ഇളവ് നൽകാനുള്ള തീരുമാനം പിൻവലിക്കാനാണ് സർക്കാർ നീക്കം. റവന്യൂ, കൃഷി മന്ത്രിമാർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. സഭയിൽ ഭേദഗതി അവതരിപ്പിക്കുമ്പോൾ തന്നെ തിരുത്ത് കൊണ്ടുവരുമെന്നാണ് വിവരങ്ങൾ.
ജിയോയുടെ വെൽക്കം ഓഫർ കാലാവധി നീട്ടുമെന്ന് സൂചന
Share on Facebook
ന്യൂഡൽഹി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിലയൻസ് ജിയോ തങ്ങളുടെ വെൽക്കം ഓഫർ 2017 മാർച്ച് വരെ നീട്ടുമെന്ന് സൂചന. ജിയോയുടെ വെൽക്കം ഓഫറുകൾ ഡിസംബറിൽ അവസാനിക്കാനിരിക്കെയാണു ഓഫറിന്റെ കാലാവധി നീട്ടുമെന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ ഉപഭോക്‌താകൾക്കു ലഭിച്ചു വരുന്ന അൺലിമിറ്റഡ് 4ജി ഡേറ്റയും ഫ്രീ വോയ്സ് കോൾ, ഫ്രീ റോമിംഗ് സേവനങ്ങളും അടുത്ത മാർച്ച് വരെ ലഭ്യമായേക്കും.

വൻ ഓഫറുകളും ഗുണനിലവാരമുള്ള സേവനങ്ങളുമായി രംഗത്തെത്തിയ ജിയോ ഇതിനോടകം മികച്ച ജനപ്രീതി നേടിയെടുത്തിട്ടുണ്ട്. ഒരു മാസം കൊണ്ട് 1.6 കോടി വരിക്കാരെ നേടാനും റിലയൻസിനായി.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഇന്ത്യാ സന്ദർശനം അടുത്തയാഴ്ച
Share on Facebook
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നവംബർ ആദ്യവാരം ഇന്ത്യ സന്ദർശിക്കും. തെരേസ മേ തന്നെയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. തനിക്കൊപ്പം ഒരു വ്യാപാര സംഘവുമെത്തുമെന്ന് അവർ പറഞ്ഞു. ഇന്ത്യയുമായി ചേർന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കുയാണ് ലക്ഷ്യമെന്ന് മേ കൂട്ടിച്ചേർത്തു.

യൂറോപ്യൻ യൂണിയനിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിലേർപ്പെടുന്നതിനു തടസങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും അവർ വ്യക്‌തമാക്കി.
വാരണാസിക്കായി 5,000 കോടിയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു
Share on Facebook
വാരണാസി: വാരണാസിയുടെ വികസന പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച 5,000 കോടി രൂപ പ്രഖ്യാപിച്ചു. ഏഴു പദ്ധതികളിലായാണ് 5,000 കോടി രൂപ ചെലവഴിക്കുന്നത്. എല്ലാ വീടുകളിലും പൈപ്പ് ലൈനിലുടെ പാചക വാതകം എത്തിക്കുക, അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, അലഹബാദ്–വാരണാസി റെയിൽപാത വൈദ്യുതീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണു പണം ചെലവഴിക്കുക. പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫ്രാൻസിലെ അഭയാർഥി ക്യാമ്പ് ഒഴിപ്പിക്കൽ ആരംഭിച്ചു
Share on Facebook
പാരീസ്: വടക്കൻ ഫ്രാൻസിലെ തുറമുഖ നഗരമായ കലായിസിലെ അഭയാർഥി ക്യാമ്പ് ഒഴിപ്പിക്കുന്നത് ആരംഭിച്ചു. ജംഗിൾ ക്യാമ്പ് എന്നറിയപ്പെടുന്ന ഇവിടെനിന്ന് 2,318 അഭയാർഥികളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഏഴായിരത്തോളം വരുന്ന അഭയാർഥികളെ പുറത്താക്കി ക്യാമ്പ് പൊളിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്.

ഇവിടെ നിന്നും ഒഴിപ്പിക്കുന്ന അഭയാർഥികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിലേക്കാണ് മാറ്റുന്നത്. അഭയാർഥികൾ സമാധാനപരമായി ഒഴിപ്പിക്കലിന് സന്നദ്ധമായതായാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽനിന്നും മറ്റും ഫ്രാൻസിലെത്തുന്ന അഭയാർഥികൾ ബ്രിട്ടനിലേക്കു കടക്കുന്നതിനു വേണ്ടിയാണ് കലായിസിൽ തമ്പടിച്ചിരുന്നത്.
പാക്കിസ്‌ഥാനിൽ പോലീസ് ട്രെയിനിംഗ് കോളജിനു നേരെ ഭീകരാക്രമണം; 59 പേർ കൊല്ലപ്പെട്ടു
Share on Facebook
ഇസ്ലാമാബാദ്: പാക്കിസ്‌ഥാനിലെ പടിഞ്ഞാറൻ നഗരമായ ക്വറ്റയിൽ പോലീസ് ട്രെയിനിംഗ് കോളജിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 59 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചതായും പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. ട്രെയിനിംഗ് കോളജിന്റെ ഹോസ്റ്റലിൽ കടന്നു കയറിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

അറുനൂറിലധികം ട്രെയിനിംഗ് വിദ്യാർഥികളാണ് സംഭവം നടക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്നത്. 200 ലധികം പേരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിലരെ ഭീകരർ ബന്ദികളാക്കിയതായും വിവരമുണ്ട്.

ആറു ഭീകരരാണ് കോളജിലേക്കു കടന്നു കയറിയതെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് സുരക്ഷാസേന കോളജ് വളഞ്ഞിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിൽ ക്വറ്റയിലെ ആശുപത്രിക്കു നേരെ നടന്ന ഭീകരാക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടിരുന്നു.
ഡിഐജിക്കു യാത്രയയപ്പിനു ജയിൽ ജീവനക്കാരിൽനിന്ന് പിരിവ്
Share on Facebook
തൃശൂർ: ഈ മാസം 31നു വിരമിക്കുന്ന ജയിൽ മധ്യമേഖലാ ഡിഐജിക്കു യാത്രയയപ്പു നൽകാൻ ജയിൽ സൂപ്രണ്ടുമാരുടെ വക പിരിവ്. യാത്രയയപ്പു കേമമാക്കാൻ ഇരുനൂറു രൂപ വീതം തരണമെന്നാണു സൂപ്രണ്ടുമാർ മധ്യമേഖലയിലെ ജയിൽ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജയിൽ ജീവനക്കാരിൽ പ്രതിഷേധം പടരുന്നതു ഗൗനിക്കാതെയാണു സൂപ്രണ്ടുമാർ യാത്രയയപ്പു കേമമാക്കാൻ നിർബന്ധിത പിരിവുമായി മുന്നോട്ടുപോകുന്നത്. ഡിഐജി കെ. രാധാകൃഷ്ണനു മധ്യമേഖലയിലെ ജയിൽ ജീവനക്കാരുടെ വകയായി ബുധനാഴ്ച വിയ്യൂർ സെൻട്രൽ ജയിലിലെ ട്രെയിനിംഗ് സെന്ററിലുള്ള ഹാളിൽ യാത്രയയപ്പു നൽകാനാണു പരിപാടി. ഉച്ചയ്ക്കു 11 നാണു യാത്രയയപ്പ്.

യാത്രയയപ്പു യോഗത്തിൽ പങ്കെടുക്കാനെത്തുന്ന ജീവനക്കാർക്ക് ഉച്ചയൂണു നൽകാനും വിരമിക്കുന്ന ഡിഐജിക്ക് ഉപഹാരം സമ്മാനിക്കാനുമാണു പിരിവ്.യാത്രയയപ്പിനു പിരിവു നടത്താൻ മധ്യമേഖലയിലെ എല്ലാ സൂപ്രണ്ടുമാരും ചേർന്നു തീരുമാനിച്ചതാണോ ഡിഐജി സൂപ്രണ്ടുമാർക്കു നിർദേശം നൽകിയതാണോയെന്നു വ്യക്‌തമല്ലെന്നാണു ജയിൽ ജീവനക്കാർ പറയുന്നത്.

ജയിൽ ഡിഐജിക്കു തിരുവനന്തപുരം ജയിൽ ആസ്‌ഥാനത്ത് വിരമിക്കുന്നതിനു തൊട്ടു മുമ്പായി ഔദ്യോഗികകമായി യാത്രയയപ്പു നൽകുന്നുണ്ട്. ഇതിനു പുറമേയാണു സ്വന്തം റീജണിൽ പിരിവെടുത്തുള്ള യാത്രയയപ്പു സംഘടിപ്പിക്കുന്നത്. ഈയിടെ നടന്ന ജയിൽ ജീവനക്കാരുടെ സംഘടനയായ ജയിൽ സബ് ഓഡിനേറ്റ് സ്റ്റാഫ് അസോസിയേഷന്റെ സംസ്‌ഥാന സമ്മേളനത്തിനു ജീവനക്കാരിൽനിന്നു പിരിവെടുത്തതിനു പിറകേയാണു മേലുദ്യോഗ സ്‌ഥന്റെ യാത്രയയപ്പിനു സൂപ്രണ്ടുമാരുടെ പിരിവ്.
പോപ് സംഗീതജ്‌ഞൻ ബോബി വീ അന്തരിച്ചു
Share on Facebook
ന്യുയോർക്ക്: പോപ് സംഗീതജ്‌ഞൻ ബോബി വീ (73) അന്തരിച്ചു. ഏറെനാളായി അൾഷിമേഴ്സ് രോഗത്തെ തുടർന്ന് സംഗീതരംഗത്തുനിന്നു വിട്ടുകഴിയുകയായിരുന്നു.

25ൽ അധികം ആൽബങ്ങളാണ് വീയുടേതായി പുറത്തിറങ്ങിയത്. റബർ ബോൾ, ടേക്ക് ഗുഡ് കെയർ ഓഫ് മൈ ബേബി, ദി നൈറ്റ് ഹാസ് എ തൗസന്റ് ഐസ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ആൽബങ്ങൾ. രോഗത്തെ തുടർന്ന് അദ്ദേഹം 2011ൽ സംഗീതരംഗത്തുനിന്നു വിരമിച്ചിരുന്നു. നൊബേൽ സമ്മാന ജേതാവ് ബോബ് ഡിലനൊപ്പവും ബോബി പ്രവർത്തിച്ചിട്ടുണ്ട്.
Rashtra Deepika LTD
Copyright @ 2015 , Rashtra Deepika Ltd.