പാർലമെന്‍റ് സമ്മേളനം ഡിസംബർ 15 മുതൽ
Wednesday, November 22, 2017 3:28 PM IST
ന്യൂഡൽഹി: ആരോപണ പ്രത്യാരോപണങ്ങൾക്ക് ശേഷം കേന്ദ്ര സർക്കാർ പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിനുള്ള തീയതി പ്രഖ്യാപിച്ചു. ഡിസംബർ 15 മുതൽ ജനുവരി അഞ്ച് വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക. ശൈത്യകാല സമ്മേളനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സാധാരണയായി നവംബർ മൂന്നാം ആഴ്ച ആരംഭിച്ച് ഡിസംബർ മൂന്നാം ആഴ്ച വരെയാണ് ശൈത്യകാല സമ്മേളനം അരങ്ങേറിയിരുന്നത്. എന്നാൽ ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ ശൈത്യകാല സമ്മേളനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ജിഎസ്ടി ഉൾപ്പടെയുള്ള വിഷയങ്ങളിലെ പ്രതിപക്ഷ പ്രതിഷേധം ഭയന്നാണ് സർക്കാർ പാർലമെന്‍റ് വിളിച്ചുചേർക്കാത്തത് എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രധാന ആരോപണം.

കോണ്‍ഗ്രസും സമാന രീതിയിൽ മുൻപ് പാർലമെന്‍റ് സമ്മേളനം നീട്ടിവച്ച ചരിത്രമുണ്ടായിട്ടുണ്ടെന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.