കേരളത്തിലേക്കു കേന്ദ്രസ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ധൈര്യമില്ലെന്ന് ആന്റണി
Wednesday, November 14, 2012 7:31 AM IST
തിരുവനന്തപുരം: കേരളത്തിലേക്കു പുതിയ കേന്ദ്രസ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ധൈര്യമില്ലെന്നു കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി. കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന് അനുകൂലമല്ലെന്നും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തനിക്കു മികച്ച പിന്തുണ ലഭിച്ചിരുന്നുവെന്നും ആന്റണി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയിലിരുത്തിയായിരുന്നു ആന്റണിയുടെ അഭിപ്രായപ്രകടനം.

പ്രതിരോധ വകുപ്പിന്റെ ബ്രഹ്മോസ് എയര്‍സ്പേസ് പ്രൊജക്ടിന്റെ രണ്ടാം ഘട്ട വികസന പദ്ധതികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. കെല്‍ടെക്ക് ഏറ്റെടുത്ത് തുടക്കമിട്ട പ്രതിരോധ സ്ഥാപനമായ ബ്രഹ്മോസിന്റെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് യൂണിയനായ ഐഎന്‍ടിയുസി പ്രതിഷേധത്തിലായിരുന്നു. ഇന്നു നടന്ന സമ്മേളനത്തില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പ്രതിഷേധം കൂടിയാണ് ആന്റണിയുടെ വാക്കുകള്‍.

കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തിലേക്ക് ഒരു വ്യവസായ സ്ഥാപനവും കൊണ്ടുവരാന്‍ ഞാന്‍ ഗൃഹപാഠം ചെയ്യുന്നില്ല. അതിനുള്ള ധൈര്യമില്ല എന്നതാണ് സത്യം. 2006 മുതല്‍ 2011 വരെ സംസ്ഥാന സര്‍ക്കാര്‍ കലവറയില്ലാത്ത സഹായമാണ് തനിക്ക് നല്‍കിയത്. പദ്ധതികളെക്കുറിച്ച് താന്‍ കേന്ദ്രത്തിലിരുന്ന് പ്രഖ്യാപിച്ചിരുന്നതേയുള്ളൂ. അന്ന് വ്യവസായ മന്ത്രിയായിരുന്ന ഇളമരം കരീമും മുഖ്യമന്ത്രിയായിരുന്ന വി.എസുമൊക്കെ മുന്‍കൈയെടുത്താണ് പദ്ധതികള്‍ക്ക് ഇവിടെ തുടക്കം കുറിച്ചത്- ആന്റണി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കൂടാതെ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, മുന്‍ വ്യവസായമന്ത്രി ഇളമരം കരീം തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.