പ്രണയം നടിച്ച്് വിവാഹം ചെയ്ത് പണവും വൃക്കയും തട്ടിയെടുത്ത യുവാവ് റിമാന്‍ഡില്‍
Wednesday, November 14, 2012 10:56 AM IST
കോഴിക്കോട്: പ്രണയം നടിച്ച് യുവതികളെ വലയില്‍ വീഴ്ത്തി വിവാഹം ചെയ്ത് വൃക്ക തട്ടിയെടുക്കുകയും ആഭരണങ്ങളും പണവും മോഷണം നടത്തുകയും ചെയ്ത പ്രതി പിടിയില്‍. കുറ്റിക്കാട്ടൂരിലെ അറബിക് കോളജില്‍ ഒന്നര വര്‍ഷമായി പാചകക്കാരനായി ജോലി ചെയ്യുന്ന ഏറ്റുമാനൂര്‍ പട്ടിത്താനം പൊയ്കപുറം അജീഭവനത്തില്‍ ഇബ്നു (34)ആണു പിടിയിലായത്. മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ഇബ്നുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ബിനു, ബിനു പ്രമോദ്, ഇബ്നു എന്നീ പേരുകളില്‍ മലപ്പുറത്തെ വിളയില്‍, എരുമേലി, എറണാകുളം, ഏറ്റുമാനൂര്‍, പാഴൂര്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നായി ഏഴു യുവതികളെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ വൃക്കയാണ് വിറ്റത്. പാലക്കാട് ബസ്സ്റാന്‍ഡില്‍ നിന്ന് മെഡിക്കല്‍ കോളജ് സിഐ പ്രേംദാസും സംഘവുമാണ് ഇയാളെ അറസ്റുചെയ്തത്. പാഴൂരിലെ 26 കാരിയുടെ പരാതിപ്രകാരമാണ് അന്വേഷണം നടന്നത്.

പാഴൂര്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് കുറ്റിക്കാട്ടൂരില്‍ അറബിക് കോളജിലെ മുറിയില്‍ താമസിക്കുന്നതിനിടെ യുവതിയുടെ ഭക്ഷണത്തില്‍ മയക്കുമരുന്നു നല്‍കി ബോധം കെടുത്തി സ്വര്‍ണാഭരണവും മുറിയില്‍ സൂക്ഷിച്ച മൂന്നരലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു.

അറബിക് കോളജില്‍ കൂടുതല്‍ സമയം മതഗ്രന്ഥങ്ങള്‍ വായിച്ചിരുന്ന ഇയാള്‍ മതഭക്തനാണെന്ന് വിശ്വാസം ജനിപ്പിച്ചാണ് പാഴൂരില്‍ നിന്നുള്ള യുവതിയെ വിവാഹം കഴിച്ചത്. ഈ വിവാഹം നടത്തുന്നതിന് വേണ്ടി അതുവരെ കൂടെ താമസിച്ചിരുന്ന എരുമേലി സ്വദേശിനിയെ എറണാകുളത്തേക്ക് ജോലിക്കായി പറഞ്ഞയച്ചിരുന്നു. എരുമേലി സ്വദേശിയില്‍ ജനിച്ച അഞ്ചുവയസുള്ള പെണ്‍കുട്ടിയോടൊപ്പമാണ് വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്നത്. ഇവരുടെ രണ്ടാമത്തെ കുട്ടിയെ 10,000 രൂപയ്ക്ക് തമിഴ്നാട്ടില്‍ വിറ്റെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

വീടും സ്ഥലവും വാങ്ങാനെന്ന പേരില്‍ പാഴൂരിലെ യുവതിയുടെ സഹോദരന്‍ മൂന്നുലക്ഷം രൂപയും ആഭരണങ്ങളും ഇയാള്‍ക്ക് നല്‍കാനായി കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കരാര്‍ എഴുതുന്നതില്‍ സംശയം തോന്നിയതിനാല്‍ പ്രതിയെ ഏല്‍പ്പിക്കാതെ തിരികെ കൊണ്ടുപോവുകയായിരുന്നു. അന്നുരാത്രിയാണ് യുവതിയെ മയക്കികിടത്തി നേരത്തെ കിട്ടിയിരുന്ന പണവും ആഭരണങ്ങളുമായി മുങ്ങിയത്.

2010ല്‍ ഏറ്റുമാനൂര്‍ സ്വദേശിയായ യുവതിയുടെ വൃക്ക ദാനം ചെയ്യിച്ച് പത്തുലക്ഷം രൂപയുമായി കടന്നിട്ടുണ്െടന്ന് ഇയാള്‍ സമ്മതിച്ചു. സ്നേഹം നടിച്ച് കൂടെ താമസിപ്പിച്ച ഇവരോട് വീടും സ്ഥലവും വാങ്ങാന്‍ പണമുണ്ടാക്കാനായി വൃക്ക നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എറണാകുളം സ്വദേശിയായ യുതിയുടെ വൃക്കയും നല്‍കി പണം കൈക്കലാക്കിയതായും പ്രതി സമ്മതിച്ചു.

കുറ്റിക്കാട്ടൂര്‍ സംഭവത്തിനുശേഷമാണ് തിരുപ്പൂരില്‍ വാടകവീട്ടില്‍ താമസിച്ച് സ്വര്‍ണം കൈക്കലാക്കി വിളയില്‍ സ്വദേശിനിയെ റെയില്‍വെ സ്റേഷനില്‍ ഉപേക്ഷിച്ചത്. വാടാനപ്പള്ളിയില്‍ ജനിച്ച ഇയാള്‍ക്ക് കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. 10 വര്‍ഷത്തോളം ഏര്‍വാടിയില്‍ ആയിരുന്നു.

പ്രതിയില്‍ നിന്നും മൂന്ന് വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ പോലിസുകാരായ ബാബു മണാശേരി, ശ്രീജിഷ് കക്കോടി, ഷൈബു, ഹോം ഗാര്‍ഡ് മോഹന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.