പോലീസിനെതിരെ കേസ് കൊടുക്കുമെന്നു പിങ്കി പ്രമാണിക്
Wednesday, November 14, 2012 11:41 AM IST
കോല്‍ക്കത്ത: കുറ്റപത്രത്തില്‍ താന്‍ പുരുഷനാണെന്ന് എഴുതിയ പോലീസിനും അഡിഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ക്കും എതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്ന് അത്ലറ്റ് പിങ്കി പ്രമാണിക്. പോലീസ് വളരെ പക്ഷപാതപരമായാണ് ആദ്യം മുതല്‍ തന്നോടു പെരുമാറിയതെന്നും പിങ്കി പറഞ്ഞു.

പിങ്കി പ്രമാണിക് പുരുഷനാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് പിങ്കിക്കെതിരേ പോലീസ് മാനഭംഗത്തിനും വഞ്ചനയ്ക്കും കേസെടുത്തിരുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സഹിതമാണ് പോലീസ് പിങ്കിക്കെതിരേ കേസ് നടക്കുന്ന ബരസത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ പിങ്കി പൂര്‍ണമായി പുരുഷനാണെന്ന് പറയാനാകില്ലെന്നും ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം പുരുഷസ്വഭാവം കാണിക്കുന്ന സ്ത്രീയെന്നു മാത്രമേ പറയാനാകൂവെന്നാണ് ഡോക്ടര്‍മാരടക്കമുള്ള പല വിദഗ്ധരുടെയും അഭിപ്രായം.