വിദ്യാഭ്യാസ വായ്പ: പലിശ സര്‍ക്കാര്‍ അടക്കാമെന്ന നിര്‍ദ്ദേശം ബാങ്കുകള്‍ അവഗണിക്കുന്നു
Wednesday, November 14, 2012 1:32 PM IST
കോഴിക്കോട്: വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കെതിരെ ജപ്തി നടപടി പാടില്ലെന്നും പലിശ ഏറ്റെടുക്കാമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തെ സംസ്ഥാനത്തെ ബാങ്കുകള്‍ അവഗണിക്കുന്നു.

വിദ്യാഭ്യാസ ലോണ്‍ എടുത്തവര്‍ക്ക് 14 ശതമാനം നിരക്കിലാണ് പലിശ ഈടാക്കുന്നതെന്ന പ്രഖ്യാപനം അട്ടിമറിക്കുകയും 18 മുതല്‍ 20 ശതമാനം വരെയാണ് പലിശ ഈടാക്കുന്നതെന്നും കണ്െടത്തിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ ലോണ്‍ എടുത്ത് കടക്കെണിയിലായവര്‍ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവരെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകാതിരിക്കുകയും കൊള്ളപ്പലിശ കിട്ടാന്‍, വായ്പയെടുത്തവര്‍ക്കെതിരെ ജപ്തി ഭീഷണി മുഴക്കുന്നത് തുടര്‍ന്നുവരികയാണെന്നും വിദ്യാഭ്യാസ വായ്പയെടുത്തവര്‍ ചേര്‍ന്നു രൂപീകരിച്ച കമ്മിറ്റി ചെയര്‍മാന്‍ ടി.രാധാകൃഷ്ണന്‍ ആരോപിച്ചു.

കേരളത്തില്‍ നാല് ലക്ഷത്തിലധികം പേരാണ് വിദ്യാഭ്യാ വായ്പയെടുത്തിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്ക്. കോഴിക്കോട് ജില്ലയില്‍ മാത്രം 27,000 പേര്‍വരും. വായ്പക്ക് 14 ശതമാനം പലിശ ഈടാക്കുമെന്നാണ് വായ്പയെടുക്കുന്ന സാഹചര്യത്തില്‍ ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ കിട്ടുന്ന രീതിയിലാണ് ബാങ്കുകള്‍ പലിശ ഈടാക്കുന്നതെന്നാണ് വായ്പയെടുത്തവര്‍ ആരോപിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്ന രീതിയില്‍ പൊതുമേഖലാ ബാങ്കുകള്‍ കൊള്ളപ്പലിശ ഈടാക്കുന്ന നടപടികാരണം പലര്‍ക്കും ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാകുന്നത്.

കോഴ്സ് കഴിയുന്ന മുറക്ക് പ്രതിമാസം അടക്കേണ്ട തുക ബാങ്കു തന്നെ വായ്പയെടുത്തവര്‍ക്ക് നല്‍കും. പലിശ ഉള്‍പ്പടെ വന്‍സംഖ്യയാണ് ബാങ്കുകള്‍ പ്രതിമാസം ഈടാക്കുന്നത്. പലിശയുടെ ഭാരം കാരണം തിരിച്ചടവ് വൈകുന്നതോടെ ജപ്തിഭീഷണിയുമായി ബാങ്കുകള്‍ സമീപിക്കാന്‍ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും.

കൊള്ളപ്പലിശയെ തുടര്‍ന്ന് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനകാര്യ മന്ത്രി കെ.എം മാണി എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തില്‍ സ്റേറ്റ് ലവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയിട്ടും പ്രശ്നപരിഹാരം ഇപ്പോഴും അകലെയാണ്.

ചര്‍ച്ചയില്‍ വായ്പാതുക വായ്പയെടുത്തവര്‍ തന്നെ അടക്കണമെന്നും പലിശ സര്‍ക്കാര്‍ അടക്കാമെന്നും ധനകാര്യ മന്ത്രി കെ.എം.മാണി ഉറപ്പ് നല്‍കുകയും ആറുമാസത്തേക്ക് ജപ്തി നോട്ടീസ് അയക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ബാങ്ക് അധികൃതര്‍ ഇക്കാര്യം അവഗണിച്ചുകൊണ്ട് വായ്പയെടുത്തവര്‍ക്ക് നോട്ടീസ് നല്‍കി കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ നല്‍കാമെന്നറിയിച്ച പലിശ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലാത്ത സാഹചര്യവുമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

സ്റേറ്റ് ലവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി പലിശ കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ലെന്നും ആരോപിക്കപ്പെടുന്നു. വിദ്യാഭ്യാസത്തിനായി നാലു ലക്ഷം രൂപ വരെ ഈട് ആവശ്യപ്പെടാതെ നല്‍കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം പോലും ബാങ്ക് അധികൃതര്‍ അവഗണിച്ചുകൊണ്ട് പലരില്‍ നിന്നും ഭൂമിയുടെ ആധാരവും മറ്റും വാങ്ങിച്ചാണ് ലോണ്‍ നല്‍കിയിട്ടുള്ളത്. 52,000 കോടി രൂപയാണ് വിദ്യാഭ്യാസ ആവശ്യത്തിനായി ഇന്ത്യയില്‍ വായ്പ അനുവദിച്ചതെന്നാണ് വിവരം. എന്നാല്‍ അമിതമായ പലിശ ഈടാക്കുന്നതുകാരണം പലര്‍ക്കും വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. എന്നാല്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനൌദ്യോഗികമാണെന്ന നിലപാടില്‍ ഇത് അംഗീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകാതെയിരിക്കുന്നതുകാരണം വായ്പയെടുത്ത പലരും ആശങ്കയിലാണ്.