സിന്തറ്റിക് ടര്‍ഫിന് ഫിഫയുടെ റെഡ് കാര്‍ഡ്
Wednesday, November 14, 2012 5:20 PM IST
കൊച്ചി: ഫിഫയുടെ സാമ്പത്തികസഹായത്തോടെ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ടര്‍ഫ് നിര്‍മിക്കുന്നതിനുള്ള കെഎഫ്എയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടി. അംബേദ്കര്‍ സ്റ്റേഡിയം നവീകരിച്ച് യൂറോപ്യന്‍ നിലവാരത്തിലുള്ള മിനിഫുട്ബോള്‍ സ്റ്റേഡിയവും പരിശീലനകേന്ദ്രവും നിര്‍മിക്കുന്നതിനു കെഎഫ്എ സമര്‍പ്പിച്ചിട്ടുള്ള പ്രോജക്ടിന് അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടന (ഫിഫ) ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. കേരളത്തിലെക്കാള്‍ മികച്ച അടിസ്ഥാന സൌകര്യങ്ങള്‍ വാഗ്ദാനം ചെയ്ത ഗോവയും തമിഴ്നാടും സിന്തറ്റിക് ടര്‍ഫ് സ്ഥാപിക്കുന്നതിനുള്ള മത്സരത്തില്‍ ഒപ്പമുള്ളതും സ്റ്റേഡിയം 25 വര്‍ഷത്തേക്കു പാട്ടത്തിനു നല്കണമെന്ന വ്യവസ്ഥയുമാണ് കാല്പന്തുകളിക്ക് മികച്ച പാരമ്പര്യമുള്ള സംസ്ഥാനത്തിനു തിരിച്ചടിയാകുന്നത്. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സ്റേഡിയം പാട്ടത്തിനു നല്കാന്‍ ജിസിഡിഎക്കു താത്പര്യവുമില്ല.

ബാംഗളൂര്‍, ഷില്ലോംഗ്, കോല്‍ക്കത്ത എന്നിവിടങ്ങളില്‍ ഫിഫയുടെ പൂര്‍ണ സാമ്പത്തികമേല്‍നോട്ടത്തില്‍ സിന്തറ്റിക് ടര്‍ഫുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. മുംബൈയിലെ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വിശാലകൊച്ചി വികസന അഥോറിറ്റിയും (ജിസിഡിഎ) കേരള ഫുട്ബോള്‍ അസോസിയേഷനും ചേര്‍ന്ന് അംബേദ്കര്‍ സ്റ്റേഡിയം നവീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അതേസമയം, ഫിഫയുടെ സഹകരണമില്ലെങ്കില്‍ സ്വന്തം നിലയ്ക്കു സ്റേഡിയത്തിന്റെ നവീകരണം പൂര്‍ത്തിയാക്കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ ദീപികയോടു പറഞ്ഞു. നാലു മാസം മുമ്പു സ്റേഡിയം സന്ദര്‍ശിച്ച അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ അംബേദ്കര്‍ സ്റേഡിയം പുനരുദ്ധരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. കായികമന്ത്രി കെ.ബി. ഗണേഷ്കുമാറും സ്റേഡിയം നവീകരിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. മന്ത്രി ഗണേഷ്കുമാറുമായി ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ സ്റേഡിയത്തിന്റെ നവീകരണം സംബന്ധിച്ച് ഇന്നു ചര്‍ച്ച നടത്തും.