നഴ്സുമാരുടെ സമരം: 20,000 രോഗികളെ ബാധിച്ചതായി അധികൃതര്‍
Wednesday, November 14, 2012 5:41 PM IST
തൃശൂര്‍: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ മുന്നറിയിപ്പില്ലാതെ കൂട്ടത്തോടെ ജോലി ബഹിഷ്കരിച്ചതുമൂലം 15000ഓളം ഒപി രോഗികളെയും 5000ഓളം കിടപ്പുരോഗികളെയും സമരം ഗുരുതരമായി ബാധിച്ചതായി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട 14 ആശുപത്രികളിലാണ് പ്രധാനമായും സമരം നടക്കുന്നത്.

നഴ്സുമാര്‍ ഇല്ലാതെ ചികിത്സ നടത്താനാവാത്ത സാഹചര്യത്തിലാണ് പുതിയ അഡ്മിഷന്‍ നിര്‍ത്തിവയ്ക്കുകയും രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് മറ്റാശുപത്രികളിലേക്ക് അയയ്ക്കുകയും ചെയ്യുന്നത്. മദര്‍ ആശുപത്രിയില്‍ രോഗികളുടെ ചികിത്സ തടസപ്പെടുത്തുകയും ക്രിമിനല്‍ കേസില്‍പ്പെടുകയും ചെയ്തിട്ടുള്ള 15 നഴ്സുമാരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. രോഗികള്‍ക്ക് മരണം വരെ സംഭവിക്കാന്‍ ഇടയാകുന്ന രീതിയില്‍ മുന്നറിയിപ്പില്ലാതെ ചുമതലയില്‍ വീഴ്ചവരുത്തിയ നഴ്സുമാരുടെ സമരം നിരോധിക്കുകയും ആശുപത്രി സേവനം അവശ്യ സര്‍വീസായി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.