തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത കരാറുകാര്‍ക്കെതിരേ നടപടി :മന്ത്രി
Sunday, November 18, 2012 4:33 PM IST
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കീഴില്‍ കരാര്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന കരാറുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ഉറപ്പുനല്കി.

കരാര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും മിനിമം വേതനവും ഇപിഎഫ് തുടങ്ങിയ ആനുകൂല്യങ്ങളും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സിവില്‍ എവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ നേതാക്കള്‍ മന്ത്രിക്കു നിവേദനം നല്കിയതിനെത്തുടര്‍ന്നാണ് കരാറുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്കിയത്. പ്രസിഡന്റ് എം.എസ്.റാവുത്തര്‍, ജനറല്‍ സെക്രട്ടറി അഡ്വ.ലഡ്ക്കര്‍ ബാവ, നേമം പ്രദീപ്, ഹസ്സന്‍ഖാന്‍, ബാബു, സലിംകുട്ടി, മാഹിന്‍കണ്ണ് എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.