മ്യാന്‍മറിലെ വംശീയകലാപം അവസാനിപ്പിക്കണം: ആസിയാന്‍
Monday, November 19, 2012 7:14 AM IST
നൊംപെന്‍: മ്യാന്‍മറില്‍ ബുദ്ധമതക്കാരും ന്യൂനപക്ഷമായ മുസ്ലിംകളും തമ്മില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ആസിയാന്‍. മ്യാന്‍മറിലെ സ്ഥിതിഗതികളില്‍ ആസിയാന്‍ രാജ്യങ്ങളിലെ ഭരണനേതൃത്വം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ജൂണിലാണു മ്യാന്‍മറില്‍ സംഘര്‍ഷത്തിനു തുടക്കം. ഇതിനകം നൂറുകണക്കിനുപേര്‍ കൊല്ലപ്പെട്ടതിനുപുറമേ ഒരുലക്ഷത്തോളം ആളുകള്‍ക്കു പലായനം ചെയ്യേണ്ടിവരികയും ചെയ്തു. പ്രശ്നപരിഹാരത്തിനു പ്രധാനമന്ത്രി തീന്‍ സീന്‍ മുന്‍കൈയെടുക്കണമെന്ന് ആസിയാന്‍ സെക്രട്ടറി ജനറല്‍ സുരിന്‍ പിറ്റ്സുവാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രശ്നം സങ്കീര്‍ണമാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി.