മലയാറ്റൂരില്‍ എന്‍സിസി ട്രക്കിംഗ് ക്യാമ്പിനെത്തിയ അഞ്ച് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
Wednesday, December 26, 2012 4:50 AM IST
മലയാറ്റൂര്‍(കൊച്ചി): മലയാറ്റൂരില്‍ എന്‍സിസിയുടെ ദേശീയ ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ച് വിദ്യാര്‍ഥികള്‍ പെരിയാറ്റില്‍ മുങ്ങിമരിച്ചു. വനത്തിനുള്ളില്‍ മഹാഗണിത്തോട്ടം സന്ദര്‍ശിക്കാനെത്തിയ 60 അംഗ സംഘത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. ഡല്‍ഹി സ്വദേശികളും ജാമിയ മില്യ പോളിടെക്നിക്കിലെ വിദ്യാര്‍ഥികളുമായ ഹേമന്ത്, ദില്‍ഷന്‍, ഉല്‍വേസ്, തബീഷ്, ജിസന്‍ എന്നിവരാണ് മരിച്ചത്.

നാട്ടുകാരുടെയും വനപാലകരുടെയും മുന്നറിയിപ്പ് അവഗണിച്ച് ഫോട്ടോ എടുക്കാന്‍ രണ്ടു കുട്ടികള്‍ ശ്രമിച്ചതാണ് ദുരന്തത്തിനിടയാക്കിയത്. ഈ വിദ്യാര്‍ഥികള്‍ കാല്‍വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് മൂന്നു പേരും ഒഴുക്കില്‍പെട്ടത്. വെള്ളത്തില്‍ വീണ മറ്റ് അഞ്ച് വിദ്യാര്‍ഥികളെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു. താരതമ്യേന ആഴം കൂടിയ ഭാഗത്താണ് വിദ്യാര്‍ഥികള്‍ വീണതെന്ന് വനപാലകര്‍ പറഞ്ഞു. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. നദിയുടെ സമീപത്തേക്ക് പോകരുതെന്ന് കുട്ടികളോട് പ്രത്യേകിച്ച് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സംഘത്തിന്റെ ചുമതലയുണ്ടായിരുന്നവരുടെ കണ്ണു വെട്ടിച്ചാണ് രണ്ടു കുട്ടികള്‍ ഫോട്ടോയെടുക്കാന്‍ പോയത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് മറ്റ് കുട്ടികളാരും നദിയില്‍ പെട്ടിട്ടില്ലെന്ന് തെരച്ചില്‍ നടത്തി ഉറപ്പുവരുത്തി.

ആലുവ സെന്റ് തോമസ് ഹൈസ്കൂളിലാണ് എന്‍സിസിയുടെ ദേശീയ ട്രക്കിംഗ് ക്യാമ്പ് നടക്കുന്നത്. 16 സംസ്ഥാനങ്ങളില്‍ നിന്നുളള ആയിരത്തോളം എന്‍സിസി കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പല സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ ട്രക്കിംഗ് നടത്തുന്നത്. ഇതില്‍ ഒരു സംഘത്തിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. മൃതദേഹം മലയാറ്റൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പോസ്റുമോര്‍ട്ടം നടത്തിയ ശേഷം നാളെ രാവിലെ വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.