വാക്പോര്: ഇഷാന്തിനും കമ്രാനും പിഴ
Wednesday, December 26, 2012 12:34 PM IST
ദുബായ്: പാക്കിസ്ഥാന്‍-ഇന്ത്യ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ വാക്പോര് നടത്തിയ ഇന്ത്യന്‍ ഫാസ്റ് ബൌളര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് പാക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കമ്രാന്‍ അക്മാലിനും പിഴ വിധിച്ചു. മാച്ച് റഫറി റോഷന്‍ മഹാനാമയാണ് പിഴയിട്ടത്. ഇഷാന്തിന് മാച്ച് ഫീസിന്റെ 15 ശതമാനവും കമ്രാന് മാച്ച് ഫീസിന്റെ അഞ്ച് ശതമാനവുമാണ് പിഴ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും അംപയര്‍മാരുടെ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് മാച്ച് റഫറി ശിക്ഷ വിധിച്ചത്.

ബാംഗളൂരില്‍ നടന്ന മത്സരത്തില്‍ 18-ാം ഓവറിലായിരുന്നു സംഭവം. ബൌള്‍ ചെയ്തതിന് ശേഷം ഇഷാന്ത് കമ്രാന് നേരെ കയര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്പോരുണ്ടായി. മറ്റ് കളിക്കാരും അംപയര്‍മാരും ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.