ഗാഡ്ഗില്‍, കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ നല്‍കും: കെ.എം. മാണി
Saturday, December 29, 2012 6:12 PM IST
ഇരട്ടയാര്‍: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേയും ഹൈറേഞ്ചിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ധനമന്ത്രി കെ.എം. മാണി.

ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന എകെസിസി ഇടുക്കി രൂപത നേതൃസമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സമ്മേളനത്തിനെത്തിയ വിശിഷ്ടാതിഥികളെ ഇരട്ടയാര്‍ ജംഗ്ഷനില്‍ സ്വീകരിച്ച് റാലിയായാണ് സമ്മേളന നഗറിലേക്ക് ആനയിച്ചത്. പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ ഏറമ്പടം അധ്യക്ഷത വഹിച്ചു. കുടിയേറ്റ മേഖലയില്‍ നല്‍കിയിട്ടുള്ള സേവനങ്ങളെ ആദരിച്ച് എകെസിസി നല്‍കിയ ഉപഹാരം മന്ത്രി കെ.എം. മാണി മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനു സമ്മാനിച്ചു.

ഫാ. ജെ. കുര്യാസ് രചിച്ച ഹൈറേഞ്ചിന്റെ കുടിയേറ്റ ചരിത്രം പുസ്തകം കെ.എം. മാണി രൂപതാധ്യക്ഷന് കൈമാറി പ്രകാശനംചെയ്തു. എകെസിസി ഏര്‍പ്പെടുത്തിയ സഭാതാരം അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന് ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. മാത്യു തൊട്ടിയില്‍ സമ്മാനിച്ചു. അഞ്ഞൂറോളം കുടിയേറ്റ കര്‍ഷകര്‍ക്കും മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കലിന് എകെസിസി സംസ്ഥാന പ്രസിഡന്റ് എം.എം. ജേക്കബും ഫാ. ജെ. കുര്യാസിനു സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. ബിജു പറയനിലവും ഉപഹാരങ്ങള്‍ നല്‍കി. വിവിധ വിഷയങ്ങളില്‍ പ്രഫ. ജോസുകുട്ടി ഒഴുകയില്‍, മാത്യു മാവുങ്കല്‍, ജോര്‍ജ് അരീപ്പറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

എകെസിസി ജനറല്‍ സെക്രട്ടറി ജോര്‍ജ് കോയിക്കല്‍, ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി പതിപ്പള്ളി, മാതൃദീപ്തി രൂപത പ്രസിഡന്റ് മേരി അഗസ്റിന്‍, വെള്ളയാംകുടി ഫൊറോന വികാരി ഫാ. ജോസ് പ്ളാച്ചിക്കല്‍, എകെസിസി രൂപത സെക്രട്ടറി സണ്ണി ജോര്‍ജ് കരിവേലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.