ഡല്‍ഹി പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു
Saturday, December 29, 2012 6:25 PM IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബസിനുള്ളില്‍ അതിക്രൂര മാനഭംഗത്തിനിരയായി 12 ദിവസം ജീവനുവേണ്ടി പൊരുതി ഒടുവില്‍ മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഇന്ത്യയിലെത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൃതദേഹത്തെ അനുഗമിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ ഇന്നലെ വെളുപ്പിന് 4.45 (ഇന്ത്യന്‍ സമയം 2.15)നായിരുന്നു 23കാരിയായ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയുടെ അന്ത്യം. സ്വദേശമായ ഉത്തരപ്രദേശിലെ ബലിയയില്‍ ഞായറാഴ്ച രാവിലെ സംസ്കാരം നടത്തും.

ഡിസംബര്‍ 16നാണു സുഹൃത്തിനൊപ്പം സിനിമ കണ്ടശേഷം രാത്രി പത്തോടെ യുവതി മൂനീര്‍ക്കയിലെ ബസ് സ്റോപ്പില്‍ എത്തിയത്. ദ്വാരകയിലേക്കുള്ള ബസ്കാത്തുനിന്ന ഇവരെ അവസാന ബസും കടന്നുപോയെന്നു പറഞ്ഞു ഡ്രൈവര്‍ രാം സിംഗാണു ബസില്‍ കയറ്റിയത്. തുടര്‍ന്നു രാംസിംഗിന്റെ സഹോദരന്‍ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു സുഹൃത്തിനെ കമ്പിവടികൊണ്ടു മര്‍ദിച്ച് അവശനാക്കിയശേഷം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതികളെയെല്ലാം പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായതിനെത്തുടര്‍ന്നു രാജ്യമെങ്ങും കടുത്ത പ്രതിഷേധത്തിനാണു സാക്ഷ്യംവഹിച്ചത്. രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ടാണു പല ദിവസങ്ങളും പ്രതിഷേധം ഇരമ്പിയത്. വിദ്യാര്‍ഥികളും യുവജനങ്ങളും വനിതാസംഘടനകളുമൊക്കെ പ്രതിഷേധവുമായി തെരുവിലിറങ്ങി. മാനഭംഗക്കേസിലെ പ്രതികള്‍ക്കു വധശിക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ നിയമംകൊണ്ടു വരണമെന്നാണു പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നത്.