പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടു പോയ സൈനികരെ കൊലപ്പെടുത്തി
Saturday, December 29, 2012 9:49 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടു പോയ ഇരുപത് സൈനികരെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തി. രണ്ടു പേര്‍ രക്ഷപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പെഷാവറിനു സമീപമാണ് സംഭവം.

അഫ്ഗാന്‍ അതിര്‍ത്തിയ്ക്കടുത്ത് പെഷവാറിനു സമീപം മൂന്ന് സൈനിക പരിശോധന കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിനു ശേഷമാണ് പട്ടാളക്കാരെ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇവിടെ നിന്നു നാലു കിലോമീറ്റര്‍ അകലെയായാണ് പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പെഷവാര്‍ വിമാനത്താവളത്തിനു സമീപം നടന്ന ചാവേര്‍ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിനിര്‍ത്തലിനു തയാറാണെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നും ഭീകരസംഘടനയായ പാക് താലിബാന്‍ നേതാവ് ഹക്കീമുള്ള മസൂദിന്റെ വീഡിയോ സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വെടിനിര്‍ത്തലിനു തയാറാകണമെങ്കില്‍ പാക്കിസ്ഥാന്‍ യുഎസുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നായിരുന്നു താലിബാന്‍ മുന്നോട്ടുവച്ച വ്യവസ്ഥ. എന്നാല്‍ ഇതു പാക് ഭരണകൂടം തള്ളിയിരുന്നു.