ന്യൂയോര്‍ക്കില്‍ ഇന്ത്യക്കാരന്റെ കൊലപാതകം; യുവതി അറസ്റില്‍
Saturday, December 29, 2012 10:56 PM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ സബ്വേ സ്റേഷനില്‍ ഇന്ത്യക്കാരനെ ട്രെയിനിനു മുന്നില്‍ തള്ളിയിട്ടുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് അറസ്റു ചെയ്തു. എറികാ മെനന്‍ഡസ് എന്ന 31കാരിയാണ് അറസ്റിലായത്. വംശീയ വിദ്വേഷമാണ് സംഭവത്തിനു പിന്നിലെന്ന് സൂചനയുണ്ട്. ഇതുസംബന്ധിച്ച് ന്യൂയോര്‍ക്ക് പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ക്വീന്‍സ് സബ്വേ സ്റേഷനില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോല്‍ക്കത്തയില്‍നിന്നു കുടിയേറിയ സുനന്ദോ സെന്‍(46) ആണു കൊല്ലപ്പെട്ടത്.

സ്റേഷനിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവതി ട്രെയിന്‍വരുന്ന സമയത്ത് എഴുന്നേറ്റ് എന്തോ പുലമ്പിക്കൊണ്ട് സുനന്ദോ സെന്നിനെ പിന്നില്‍നിന്ന് ട്രാക്കിലേക്കു തള്ളിയിടുകയായിരുന്നു. ഇതിനു പിന്നാലെ യുവതി സ്റേഷനില്‍നിന്നു പുറത്തുകടന്ന് തെരുവിലെ ജനക്കൂട്ടത്തില്‍ അപ്രത്യക്ഷയായി. കൃത്യം നടത്തിയ യുവതിക്ക് അഞ്ചടി അഞ്ച് ഇഞ്ച് ഉയരവും ഇരുപതു വയസ് പ്രായവും തോന്നിക്കുന്നതായി സ്റേഷനു സമീപമുള്ള വീഡിയോ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെന്നു സംശയിക്കുന്ന യുവതിയെ പോലീസ് അറസ്റു ചെയ്തത്. കസ്റഡിയിലെടുത്ത യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതി കുറ്റംസമ്മതിച്ചുവെന്നാണ് സൂചന. സംഭവത്തേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ക്വീന്‍സില്‍ നാലു സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്ന സുനന്ദോ സെന്‍ അവിവാഹിതനാണ്.