പെണ്‍കുട്ടിക്ക് കൃത്യസമയത്ത് സഹായം എത്തിച്ചതായി ഡല്‍ഹി പോലീസ്
Saturday, January 5, 2013 5:41 AM IST
ന്യൂഡല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായി വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് കൃത്യസമയത്ത് സഹായം എത്തിച്ചിരുന്നതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി. സ്ഥലത്തെത്തിയ ശേഷവും കുറ്റകൃത്യം നടന്നത് ഏത് പോലീസ് സ്റേഷന്‍ പരിധിയിലാണെന്ന സംശയം മൂലം അര മണിക്കൂറോളം പോലീസ് പാഴാക്കിയതായി പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. ഇത് നിഷേധിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡല്‍ഹി പോലീസ് പെണ്‍കുട്ടിക്ക് കൃത്യസമയത്ത് സഹായം എത്തിച്ചതായി വ്യക്തമാക്കുന്നത്.

രാത്രി 10.22 നാണ് ഒരു പെണ്‍കുട്ടിയും യുവാവും രക്തത്തില്‍ കുളിച്ച് വഴിയരികില്‍ കിടക്കുന്നതായി ആദ്യം വിവരം ലഭിച്ചതെന്നും മിനിറ്റുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തെത്തി 33 മിനിറ്റുകള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചതായും പോലീസ് വ്യക്തമാക്കി.

10.26 നുള്ളില്‍ ആദ്യ പിസിആര്‍ വാഹനം സംഭവസ്ഥലത്ത് എത്തി. പിന്നാലെ 10.28 ന് രണ്ടാമത്തെ വാഹനവും എത്തിയതായും മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 10.31 ന് പെണ്‍കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് തിരിച്ചതായും പോലീസ് വ്യക്തമാക്കുന്നു. 24 മിനിറ്റിനുള്ളില്‍ 10.55 ന് ആശുപത്രിയിലെത്തിയതായും പോലീസ് വ്യക്തമാക്കി.