മൂന്നാം ഏകദിനത്തില്‍ കളിക്കുന്ന കാര്യം സംശയമാണെന്ന് ധോണി
Saturday, January 5, 2013 6:31 AM IST
ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരേ ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ കളിക്കുന്ന കാര്യം സംശയമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. പുറംവേദന അലട്ടുന്നതിനാലാണ് ധോണിയുടെ കാര്യം സംശയത്തിലായത്. നാളെ രാവിലെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ.

ധോണി പുറത്തിരിക്കുകയാണെങ്കില്‍ പകരക്കാരനായി ദിനേശ് കാര്‍ത്തിക് ആയിരിക്കും ഇറങ്ങുക. ഇതിനായി ദിനേശ് കാര്‍ത്തിക്കിനെ വിളിച്ചുവരുത്തിയിട്ടുണ്ട്. ഫിറോസ് ഷാ കോട്ല ഗ്രൌണ്ടില്‍ രാവിലെ പരിശീലനത്തിനിറങ്ങിയപ്പോഴാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും പാക്കിസ്ഥാന്‍ വിജയിച്ചിരുന്നു. ഞായറാഴ്ച കൂടി വിജയിച്ചാല്‍ 1984 ന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ആതിഥേയരെ ഒരു മത്സരത്തില്‍ പോലും വിജയിക്കാന്‍ അനുവദിക്കാതെ പരമ്പര തൂത്തുവാരിയെന്ന ചരിത്രവും പാക്കിസ്ഥാന് സ്വന്തമാകും. ഇപ്പോള്‍ തന്നെ ഏറെ വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ ആശ്വാസജയം നേടാനാകും ഇന്ത്യയുടെ ശ്രമം.

ധോണി പുറത്തിരിക്കുന്നത് ഇന്ത്യന്‍ ബാറ്റിംഗിനെ ദുര്‍ബലപ്പെടുത്തും. നിലവില്‍ പരമ്പരയിലെ ഇന്ത്യന്‍ ടോപ് സ്കോറര്‍ ധോണിയാണ്. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സും കോല്‍ക്കത്തയിലെ രണ്ടാം മത്സരത്തില്‍ 54 റണ്‍സും ധോണി നേടിയിരുന്നു.