മിസ്ഡ്കോള്‍ ശല്യം സ്ത്രീകളില്‍ നിന്നു പുരുഷന്മാരിലേക്കും
Saturday, January 5, 2013 7:27 AM IST
വൈപ്പിന്‍: കാലം മാറിയപ്പോള്‍ മൊബൈല്‍ ഫോണില്‍ മിസ്ഡ്കോള്‍ ശല്യം സ്ത്രീകളില്‍ നിന്നുമായി. ഇതേ തുടര്‍ന്ന് എടവനക്കാട് ചാത്തങ്ങാട് പടിഞ്ഞാറുള്ള ഒരു യുവാവ് ഞാറക്കല്‍ പോലീസില്‍ പരാതിയുമായെത്തിയിരിക്കുകയാണ്.

2013 പുലര്‍ന്നപ്പോഴാണ് മിസ്ഡ് കോള്‍ ശല്യം തുടങ്ങിയത്. ഒരിക്കല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോഴാണ് അപ്പുറം സ്ത്രീയാണെന്ന് മനസിലായത്. പട്ടാപ്പകലും പാതിരാത്രിയുമൊക്കെ ഈ നമ്പറില്‍ നിന്നും പിന്നീട് മിസ്ഡ് കോളുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. ഇതോടെ യുവാവിനും പൊല്ലാപ്പായി. ധൈര്യസമേതം ഈ നമ്പറില്‍ ഒന്നു തിരിച്ചു വിളിച്ചപ്പോള്‍ പുരുഷ ശബ്ദമാണ് കേട്ടത്. താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. കോള്‍ ഡൈവര്‍ട്ട് ചെയ്തതായിരിക്കുമെന്നാണ് യുവാവിന്റെ ഊഹം. പിന്നെയും മിസ്ഡ്കോളുകള്‍ വന്നുതുടങ്ങി.

ഇതിനിടെ പോലീസില്‍ പരാതി നല്‍കുമെന്ന ഒരു മെസേജ് യുവാവ് ഈ നമ്പറിലേക്കയച്ചു. സോറി ഇനി ആവര്‍ത്തിക്കില്ലെന്നു പറഞ്ഞ് ഇതിനു മറുപടി മെസേജും വന്നു. എന്നാല്‍ ഈ സോറി പറച്ചിലിന് അധികം ആയുസുണ്ടായില്ല. മിസ്ഡ് കോളുകള്‍ തുടര്‍ന്നും വരാന്‍ തുടങ്ങിയതോടെ ഇത് വല്ല സെക്സ് റാക്കറ്റോ ,കള്ളക്കടത്തു റാക്കറ്റോ, മയക്കുമരുന്ന് റാക്കറ്റോ ആണോയെന്ന് യുവാവ് ഭയന്നു. ഇതോടെ അവസാന അഭയം എന്ന രീതിയില്‍ ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നമ്പറിന്റെ ഉടമയെ അറിയാന്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടിട്ടുണ്ട്.