ടീം ഇന്ത്യയ്ക്കെതിരേ കപില്‍ദേവ് രംഗത്ത്
Saturday, January 5, 2013 10:57 AM IST
ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര തോറ്റതിന് പിന്നാലെ ടീം ഇന്ത്യയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ കപില്‍ദേവ് രംഗത്തെത്തി. 2011-ലെ ലോകകപ്പ് നേടിയപ്പോഴുണ്ടായിരുന്ന
വിജയതൃഷ്ണ ധോണിക്കും കൂട്ടര്‍ക്കും നഷ്ടമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ടീമിന്റെ വിജയത്തേക്കാള്‍ സ്വന്തം പ്രകടനത്തിനാണ് കളിക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇന്ത്യന്‍ ടീമിലെ മിക്ക താരങ്ങള്‍ക്കും സ്വന്തം നിലക്ക് പരിശീലകനും ഡോക്ടര്‍മാരും ഫിസിയോയുമുണ്ട്. അതിനാല്‍ ടീമെന്ന നിലയിലുള്ള ഒത്തിണക്കം ടീം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിലെപ്പോലെ മികച്ച ഫാസ്റ് ബൌളര്‍മാര്‍ ഇന്ത്യയില്‍ ഉയര്‍ന്ന് വരുന്നില്ല. എല്ലാവര്‍ക്കും സച്ചിനും ഗവാസ്കറും ആകാനാണ് താത്പര്യം. പാക്കിസ്ഥാനിലെ യുവകളിക്കാര്‍ക്ക് ഇമ്രാന്‍ ഖാന്‍, വസീം അക്രം, വഖാര്‍ യൂനിസ് എന്നിവര്‍ പ്രചോദനമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭൂഖണ്ഡത്തിലെ ടീമുകള്‍ക്ക് വിദേശ പരിശീലകര്‍ യോജിക്കില്ല. വിദേശ പരിശീലകരുമായി കളിക്കാര്‍ക്ക് ഫലപ്രദമായി ആശയവിനിമയം നടത്താനാകില്ലെന്നും കപില്‍ദേവ് പറഞ്ഞു.