വനിതാ ഹെല്‍പ് ലൈന്‍ നമ്പര്‍ '181' രാജ്യവ്യാപകമാക്കുന്നു
Monday, January 21, 2013 6:15 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേര്‍പ്പെടുത്തിയിരുന്ന വനിതാ ഹെല്‍പ് ലൈന്‍ നമ്പര്‍ '181' ന്റെ സേവനം രാജ്യവ്യാപകമാക്കുന്നു. ടെലികോം മന്ത്രി കപില്‍ സിബല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഇത് സംബന്ധിച്ച് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കപില്‍ സിബല്‍ കത്തയയ്ക്കും. പ്രത്യേക കോള്‍ സെന്റര്‍ സഹായത്തോടെയാകും ഹെല്‍പ് ലൈന്‍ സേവനം ഒരുക്കുക. ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് ടെലികോം മന്ത്രാലയം ഈ നമ്പര്‍ അനുവദിച്ചത്. ആദ്യം 167 എന്ന നമ്പര്‍ അനുവദിച്ചെങ്കിലും ഓര്‍ത്തിരിക്കാന്‍ കൂടുതല്‍ എളുപ്പമുളള നമ്പര്‍ വേണമെന്ന അഭ്യര്‍ഥന പരിഗണിച്ചാണ് 181 അനുവദിച്ചത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്തരത്തില്‍ മൂന്നക്ക നമ്പര്‍ ടെലികോം മന്ത്രാലയം അനുവദിക്കുന്നത്.

181 സേവനം രാജ്യവ്യാപകമാക്കുന്നതോടെ സ്ത്രീകള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ സംസ്ഥാനത്ത് പോലീസിന്റെ 100 ഉള്‍പ്പെടെയുള്ള നമ്പറുകളാണ് പെട്ടന്ന് പരാതി അറിയിക്കാന്‍ നിലവിലുള്ളത്.