കല്യാണ്‍ സിംഗ് വീണ്ടും ബിജെപിയില്‍
Monday, January 21, 2013 7:06 AM IST
ലക്നോ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിംഗ് വീണ്ടും ബിജെപിയിലേക്ക്. തന്റെ പാര്‍ട്ടിയായ ജനക്രാന്ത്രി പാര്‍ട്ടി(ജെകെപി)യെ ബിജെപിയില്‍ ലയിപ്പിച്ചാണ് കല്യാണ്‍ സിംഗ് ബിജെപിയില്‍ തിരിച്ചെത്തുന്നത്. ജെകെപി, ബിജെപിയില്‍ ലയിക്കുകയാണെന്ന്് കല്യാണ്‍ സിംഗ് പ്രഖ്യാപിച്ചു. ജുഹ്ലേലാല്‍ പാര്‍ക്കില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ഇറ്റായില്‍ നിന്നുള്ള സ്വതന്ത്ര ലോക്സഭാംഗമാണ് ഇപ്പോള്‍ കല്യാണ്‍ സിംഗ്. സ്വതന്ത്ര എംപിയായ കല്യാണ്‍ സിംഗ് തല്‍ക്കാലം എംപി സ്ഥാനം രാജിവയ്ക്കില്ല. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി അദ്ദേഹത്തിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. മുലായം സിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ഇറ്റായില്‍ അദ്ദേഹം മത്സരിച്ച് ജയിച്ചത്.

ഇത് രണ്ടാം തവണയാണ് കല്യാണ് സിംഗ് ബിജെപി നേതൃത്വത്തോട് പിണങ്ങി പാര്‍ട്ടി വിട്ടശേഷം വീണ്ടും തിരിച്ചെത്തുന്നത്. 1999 ലായിരുന്നു ആദ്യത്തെ പുറത്തുപോകല്‍. അന്ന് എ.ബി.വാജ്പേയിയെ എതിര്‍ത്താണ് പാര്‍ട്ടി വിട്ടത്. പിന്നീട് 2004 ല്‍ ഭിന്നതകള്‍ അവസാനിപ്പിച്ച് ബിജെപിയില്‍ തിരിച്ചെത്തി. പിന്നീട് 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബിജെപി നേതൃത്വവുമായി തെറ്റി പാര്‍ട്ടി വിട്ടു. താന്‍ നിര്‍ദേശിച്ചവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതായിരുന്നു എതിര്‍പ്പിന്റെ കാരണം. തുടര്‍ന്ന് തന്റെ മകന്‍ രാജ്വീര്‍ സിംഗിനെ അധ്യക്ഷനാക്കി 2011 ല്‍ ജനക്രാന്ത്രി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.