കെഎസ്ആര്‍ടിസി: നഷ്ടം കുറയ്ക്കാന്‍ നൂറോളം ബസുകള്‍ പിന്‍വലിക്കും
Monday, January 21, 2013 7:27 AM IST
കൊച്ചി: ഡീസല്‍വില വര്‍ധിപ്പിച്ചതിനാലുണ്ടാകുന്ന നഷ്ടം കുറയ്ക്കാന്‍ നൂറോളം ബസുകള്‍ താത്കാലികമായി പിന്‍വലിക്കുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. അതേസമയം ബസ് ചാര്‍ജ് കൂട്ടില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി. നഷ്ടം കുറയ്ക്കാനായി നൂറോളം ബസുകള്‍ താത്കാലികമായി പിന്‍വലിക്കും. മകരവിളക്കുകാലത്ത് പമ്പയിലേക്ക് സര്‍വീസ് നടത്തിയവയില്‍ മെയിന്റനന്‍സ് വേണ്ടവയും എംഎല്‍എമാരുടെ ശിപാര്‍ശ പ്രകാരം നല്‍കാനിരുന്ന ബസുകളുമാണ് പിന്‍വലിക്കുന്നത്. ഇതിനിടെ 30 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി സര്‍ക്കാരിന്റെ അനുമതി തേടിയതായി റിപ്പോര്‍ട്ടുണ്ട്. ലാഭകരമല്ലാത്ത സര്‍വീസുകള്‍ റദ്ദാക്കാനാണ് അനുമതി തേടിയിരിക്കുന്നത്. ഇന്നലെ മാത്രം 1400 ഓളം സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കിയിരുന്നു. വരുമാനത്തില്‍ ഏകദേശം ഒരു കോടിയോളം രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്.

വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്കുള്ള ഇളവു നീക്കിയതുമൂലം പ്രതിമാസം 15 കോടിരൂപയുടെ ബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്നത്. നിലവിലുള്ള 60 കോടിയുടെ നഷ്ടത്തിനു പുറമെയാണിത്. ദിവസവും ഡീസലിനുവേണ്ടി മാത്രം 50 ലക്ഷത്തോളം രൂപ അധികമായി കണ്െടത്തണം. വാര്‍ഷികബാധ്യത കണക്കാക്കുകയാണെങ്കില്‍ ഇത് ഏകദേശം 1050 കോടിവരും. ഇതില്‍ 150 കോടി രൂപ ഡീസല്‍വില വര്‍ധനകൊണ്ടു മാത്രമുണ്ടായ അധികബാധ്യതയാണ്. ടയര്‍, സ്പെയര്‍ പാര്‍ട്സ് എന്നിവയുടെ ചെലവ് വേറെയും. വര്‍ധനയുടെ ഭാരം ജനങ്ങളുടെമേല്‍ കെട്ടിവയ്ക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം നാലര ലക്ഷം ലിറ്റര്‍ ഡീസല്‍ വാങ്ങുന്നതിനാലാണ് കെഎസ്ആര്‍ടിസിയെ എണ്ണക്കമ്പനികള്‍ വന്‍കിട ഉപഭോക്താക്കളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 476 കോടിയുടെ ബാധ്യതയാണു സൌജന്യപാസുകളിലൂടെ കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരിക്കുന്നത്. ഡീസലിനു പകരം പ്രകൃതിവാതകം ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ കണ്െടത്തിയിട്ടുണ്െടങ്കിലും ഇതിനുള്ള സൌകര്യങ്ങള്‍ ഒരുക്കാനാകാത്തതും തടസമാകുന്നുണ്െടന്നും മന്ത്രി പറഞ്ഞു