പാക്കിസ്ഥാന്‍ 27 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റു ചെയ്തു
Monday, January 21, 2013 8:34 AM IST
ഇസ്ലാമാബാദ്: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 27 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റു ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ആറു ബോട്ടുകളും പിടിച്ചെടുത്തു. പാക് തീരദേശ സുരക്ഷാ ഏജന്‍സിയാണ് ഇന്ത്യന്‍ മീന്‍പിടുത്തക്കാരെ അറസ്റു ചെയ്തത്.

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ നിന്നു 40 നോട്ടിക്കല്‍ മൈല്‍ പാക് മേഖലയിലേയ്ക്കു മത്സ്യത്തൊഴിലാളികള്‍ കടന്നുകയറിയതായി ഏജന്‍സി വക്താവ് അറിയിച്ചു. പിടിയിലായ മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്ത ശേഷം കറാച്ചി പോലീസിനു കൈമാറി. അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെയുള്ള നടപടികള്‍ പതിവാണ്. ഇത്തരത്തില്‍ ഇരുന്നൂറോളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാനിലെ ജയിലുകളിലും 125ഓളം പാക് മീന്‍പിടുത്തക്കാര്‍ ഇന്ത്യയിലെ ജയിലുകളിലും ശിക്ഷ അനുഭവിച്ചുവരികയാണ്.