ജമ്മുവില്‍ സര്‍ക്കാര്‍ വിരുദ്ധ റാലിക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്
Monday, January 21, 2013 9:12 AM IST
ജമ്മു: ജമ്മുവില്‍ സെക്രട്ടറിയേറ്റിലേക്കു പിഡിപി പ്രവര്‍ത്തകര്‍ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ റാലിയില്‍ സംഘര്‍ഷം. റാലി തടയാനുള്ള പോലീസിന്റെ ശ്രമത്തേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് നടത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചര്‍ജ് നടത്തുകയായിരുന്നു.

ജമ്മു കാഷ്മീരിലെ ദോഡ, കിഷ്ത്വാര്‍, ഉധംപൂര്‍, കത്വാ തുടങ്ങിയ ജില്ലകളില്‍ പിഡിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ റിക്രൂട്ട്മെന്റിലെ അഴിമതിക്കെതിരെയാണ് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. പിഡിപി വൈസ് പ്രസിഡന്റ് ദില്‍വാര്‍ മിര്‍, ജനറല്‍ സെക്രട്ടറി ബാല്‍ബിര്‍ സിംഗ് എന്നിവരാണ് റാലിക്കു നേതൃത്വം നല്‍കിയത്. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പിഡിപി നേതൃത്വം അറിയിച്ചു.