ചാണ്ടിഗഡില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതി എയ്ഡ്സ് പരത്തിയ കേസില്‍ പ്രതിയെന്ന് പോലീസ്
Monday, January 21, 2013 9:22 AM IST
ചാണ്ഡിഗഡ്: പഞ്ചാബില്‍ കഴിഞ്ഞദിവസം കൂട്ടമാനഭംഗത്തിനിരയായ യുവതി കഴിഞ്ഞവര്‍ഷം മറ്റൊരു യുവതിക്ക് എച്ച്ഐവി രോഗാണു കുത്തിവച്ച് എയ്ഡ്സ് പരത്തിയെന്ന കേസില്‍ പ്രതിയാണെന്ന് പോലീസ്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാണ്ഡിഗഡിനടുത്ത് ഭട്ടിന്‍ഡയില്‍ നഴ്സായ 26 വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം മയക്കുമരുന്നു കുത്തിവച്ചശേഷം മാനഭംഗപ്പെടുത്തിയ സംഭവം നടന്നത്. രണ്ടു ദിവസത്തിനു ശേഷം ഞായറാഴ്ച വൈകുന്നേരം യുവതിയെ തെരുവില്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് കേസ്.

കഴിഞ്ഞ വെള്ളിയാഴ്ച മൊഹാലിയില്‍ ജോലിക്കുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുകയായിരുന്ന നഴ്സാണ് പീഡിപ്പിക്കപ്പെട്ടത്. വഴി ചോദിക്കാനെന്ന വ്യാജേനയാണു യുവതിയെ കാറില്‍ എത്തിയ സംഘം സമീപിച്ചത്. വഴി പറഞ്ഞു കൊടുക്കുന്നതിനിടയില്‍ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ ചേര്‍ന്നു ബലംപ്രയോഗിച്ച് യുവതിയെ കാറിലേക്കു വലിച്ചു കയറ്റി. പിന്നീട് മയക്കുമരുന്നു കുത്തിവച്ചു മാനഭംഗപ്പെടുത്തുകായിയിരുന്നുവത്രെ. മാനഭംഗപ്പെടുത്തുന്നതിന്റെ വീഡിയോചിത്രവും സംഘം ചിത്രീകരിച്ചു. വീണ്ടും മയക്കുമരുന്നു കുത്തിവച്ചശേഷം ഞായറാഴ്ച റോഡില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് 26 വയസുകാരിയായ യുവതി മൊഴി നല്‍കിയിരിക്കുന്നത്. യുവതി ഇപ്പോള്‍ പഞ്ചാബിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞവര്‍ഷം എച്ച്ഐവി രോഗാണുവുള്ള സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പ് നടത്തി എയ്ഡ്സ് പരത്തിയ കേസില്‍ യുവതിക്കെതിരെ കേസ് രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വിവരം വ്യക്തമായത്. യുവതിയുടെ കാമുകന്റെ ഭാര്യയാണ് യുവതിയുടെ കുത്തിവയ്പ്പിനെ തുടര്‍ന്ന് എയ്ഡ്സ് ബാധിതയായത്. കുത്തിവയ്പ്പിനെ തുടര്‍ന്ന് രോഗബാധിതയായ യുവതിയും അമ്മയുമാണ് നാലു ചെറുപ്പക്കാരുമായെത്തി നഴ്സിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.