സിനിമ വിവാദം: പൃഥ്വിരാജുമായുള്ള തര്‍ക്കം ഒത്തുതീര്‍ന്നു
Monday, January 21, 2013 9:23 AM IST
കൊച്ചി: നടന്‍ പൃഥ്വിരാജുമായുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തര്‍ക്കം ഒത്തുതീര്‍ന്നു. പൃഥ്വിരാജും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വവും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തര്‍ക്കത്തിനു പരിഹാരമായത്.

ഒന്നര മണിക്കൂറോളം ചര്‍ച്ച നീണ്ടു. ചര്‍ച്ചയില്‍ അമ്മയുടേയും ഫെഫ്കയുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ഇതിനൊടുവില്‍ രഘുപതി രാഘവ രാജാറാം എന്ന ചിത്രത്തിന്റെ നിര്‍മാതാവ് തനിക്കും കൂടി സ്വീകാര്യമായ പുതിയ തിരക്കഥയുമായി എത്തിയാല്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കാമെന്ന പൃഥ്വിരാജിന്റെ ഉറപ്പിന്‍മേലാണ് പ്രശ്നത്തിനു പരിഹാരമായത്. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസ് എന്ന ചിത്രത്തിനും കരാര്‍ ഒപ്പിട്ടിരിക്കുന്ന ഹിന്ദി ചിത്രങ്ങള്‍ക്കും ശേഷം ഡേറ്റ് നല്‍കാമെന്നാണ് താരത്തിന്റെ ഉറപ്പ്. എന്നാല്‍ ഉടന്‍ ഡേറ്റ് നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം. ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം തുടരുന്നുവെന്നാണ് സൂചന.

നേരത്തെ പൃഥ്വിയെ ഒരു ചിത്രത്തിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്കും ചലച്ചിത്ര മേഖലയിലെ മറ്റ് സംഘടനകള്‍ക്കും അസോസിയേഷന്‍ കത്ത് നല്‍കിയിരുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് പൃഥ്വിരാജ് നായകനായി ചിത്രീകരണം ആരംഭിച്ചിരുന്ന രഘുപതി രാഘവ രാജാറാം എന്ന ചിത്രം പാതിവഴിയില്‍ മുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് വലിയ സാമ്പത്തിക നഷ്ടം നേരിട്ട നിര്‍മാതാവിന് വേണ്ടി പുതിയൊരു ചിത്രം ചെയ്യാമെന്ന് പൃഥ്വിരാജ് വാക്കു നല്‍കിയിരുന്നു. വാക്കു പാലിക്കാതെ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെ തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പൃഥ്വിക്കെതിരേ രംഗത്തെത്തിയത്. എന്നാല്‍ സംവിധായകന്‍ ഷാജി കൈലാസിന് തിരക്കഥയില്‍ തൃപ്തിയില്ലാത്തതിനാലാണ് രഘുപതി രാഘവ രാജാറാം എന്ന ചിത്രം ഉപേക്ഷിച്ചതെന്നും അതിന്റെ പേരിലുള്ള സാമ്പത്തിക നഷ്ടത്തിന് താന്‍ ഉത്തരവാദിയല്ലെന്നുമായിരുന്നു പൃഥ്വിരാജിന്റെ വാദം.