ഡല്‍ഹിയില്‍ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി
Monday, January 21, 2013 9:41 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം ഒന്‍പതില്‍ നിന്നു 12 ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കൊപ്പം അന്ത്യോദയ, ജെആര്‍സി കാര്‍ഡുടമകള്‍ക്കും ഈ സൌകര്യം ലഭ്യമാകും. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്നു ഒന്‍പതായി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ കഴിഞ്ഞ നവംബറില്‍ തന്നെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം ആറില്‍ നിന്നു ഒന്‍പതാക്കി ഉയര്‍ത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 3.56 ലക്ഷം ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഈ സൌകര്യം ലഭ്യമാക്കിയിരുന്നത്. മണ്ണെണ്ണ ഉപഭോഗം കുറയ്ക്കുന്ന പദ്ധതിയുടെ കീഴിലായിരുന്നു ഇത്. അതേസമയം, ഇതേ പദ്ധതിയുടെ കീഴിലാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തിരിക്കുന്നത്.