ഷിന്‍ഡെയുടെ പ്രസ്താവന: ഇന്ത്യക്കെതിരെ ഹാഫിസ് സയ്യീദ്
Monday, January 21, 2013 11:11 AM IST
ലാഹോര്‍: ആര്‍എസ്എസും ബിജെപിയും ഹിന്ദു ഭീകരവാദം പ്രചരിപ്പിക്കുയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ വിവാദ പ്രസ്താവന ലഷ്കര്‍ ഭീകരന്‍ ഹാഫിസ് സയ്യീദ് ഇന്ത്യക്കെതിരെ ആയുധമാക്കുന്നു. ഭീകരവാദം വളര്‍ത്തുന്നുവെന്ന പാക് സംഘടനകള്‍ക്കെതിരെയുള്ള ഇന്ത്യയുടെ പ്രചാരണമാണ് ഷിന്‍ഡെയുടെ പ്രസ്താവനയോടെ പൊളിഞ്ഞുവീഴുന്നതെന്ന് സയ്യീദ് പറഞ്ഞു. ഏതായാലും അവസാനം സത്യം പറയാന്‍ മുന്നോട്ടുവന്ന ഷിന്‍ഡെയ്ക്കു പിന്തുണ പ്രഖ്യാപിക്കുന്നതായും സയ്യീദ് കൂട്ടിച്ചേര്‍ത്തു.

മുംബൈ ഭീകരാക്രമണത്തില്‍ തങ്ങളെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇപ്പോഴും ശ്രമിക്കുകയാണെന്നും എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനു മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ലെന്നും സയ്യീദ് അവകാശപ്പെട്ടു. യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ ഷിന്‍ഡെയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ഇന്ത്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ പാക് സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും സയ്യീദ് ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് സയ്യീദ്. ഭീകരവാദത്തിന്റെ പേരില്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഇന്ത്യയ്ക്കെതിരെ ദൈവം തന്ന ആയുധമാണ് ഷിന്‍ഡെയുടെ പ്രസ്താവനയെന്നും സയ്യീദ് പറഞ്ഞു. ജയ്പൂരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരിലാണു ഷിന്‍ഡെയുടെ വിവാദപരമായ പ്രസ്താവന വന്നത്. ആര്‍എസ്എസും ബിജെപിയും പരിശീലന ക്യാമ്പുകളില്‍ ഭീകരവാദം പ്രചരിപ്പിക്കുകയാണെന്നും സംഝോത എക്സ്പ്രസ്, മെക്ക മസ്ജിദ്, മാലേഗാവില്‍ സ്ഫോടനങ്ങളുടെ പിന്നില്‍ ഈ സംഘടനകളാണെന്നും ഷിന്‍ഡെ ആരോപിച്ചു.