ഡല്‍ഹി പ്രതിഷേധക്കാര്‍ റിപ്പബ്ളിക് ദിന പരേഡ് തടസപ്പെടുത്തിയേക്കുമെന്ന്
Monday, January 21, 2013 11:58 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനു ഇരയാക്കി കൊലപ്പെടുത്തിയ പെണ്‍കുട്ടിക്കു നീതി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം റിപ്പബ്ളിക് ദിന പരേഡ് തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഡല്‍ഹി പോലീസ്. ചില ഗ്രൂപ്പുകള്‍ ഇതിനുള്ള ശ്രമം നടത്തുന്നുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസിന്റെ മുന്നറിയിപ്പ്.

റിപ്പബ്ളിക് ദിനത്തില്‍ ജനപഥിലോ ഇന്ത്യാ ഗേറ്റിലോ പ്രതിഷേധക്കാര്‍ കടന്നാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. കഴിഞ്ഞമാസം ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തെ പോലീസ് നേരിട്ട രീതി കടുത്ത വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. സംഭവം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോള്‍ കേസ് അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങിയെങ്കിലും ജന്തര്‍ മന്ദറില്‍ ഇപ്പോള്‍ ചില ഒറ്റപ്പെട്ട സംഘങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.