യുഎസ് പ്രസിഡന്റായി ഒബാമ അധികാരമേറ്റു
Monday, January 21, 2013 12:13 PM IST
വാഷിംഗ്ടണ്‍: രണ്ടാംവട്ടവും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. യുഎസ് കാപ്പിറ്റോളിനു പുറത്തുള്ള കൂറ്റന്‍വേദിയിലാണ് ഒബാമ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

ഇന്നലെ വൈറ്റ്ഹൌസിലെ ബ്ളൂറൂമില്‍ അദ്ദേഹം സ്വകാര്യമായി ഔദ്യോഗിക സത്യപ്രതിജ്ഞ നടത്തിയിരുന്നു. ഭരണഘടനാപരമായി യുഎസ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യേണ്ട ജനുവരി 20 ഞായറാഴ്ച ആയിരുന്നതിനാല്‍ ഇന്നു പൊതുവേദിയില്‍ അദ്ദേഹം സത്യപ്രതിജ്ഞാചടങ്ങുകള്‍ ആവര്‍ത്തിക്കുകയായിരുന്നു. ആഘോഷപൂര്‍വമായ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കു പതിനായിരക്കണക്കിനു പേരാണ് സാക്ഷ്യംവഹിക്കാന്‍ എത്തിയത്. മുന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണിന്റെയും കറുത്ത വര്‍ഗക്കാര്‍ക്കുവേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെയും ബൈബിളുകള്‍ തൊട്ടാണ് ഒബാമ സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റീസ് ജോണ്‍ റോബര്‍ട്സ് ചൊല്ലിക്കൊടുത്ത സത്യവാചകം ഒബാമ ബൈബിളില്‍തൊട്ട് ഏറ്റുചൊല്ലി.

ചടങ്ങില്‍ പങ്കെടുക്കാന്‍ ഒബാമയുടെ പത്നി മിഷേലും മക്കളായ മാലിയ, സാഷ, മുന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റണ്‍, ഹില്ലരി ക്ളിന്റണ്‍ തുടങ്ങിയവരും എത്തിയിരുന്നു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ഒബാമ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. അടുത്ത നാലു വര്‍ഷത്തേയ്ക്കുള്ള തന്റെ കാഴ്ച്ചപാടുകളും ലക്ഷ്യങ്ങളും അദ്ദേഹം ജനങ്ങളുമായി പങ്കുവച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളികളും ഭാവി പരിപാടികളും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. യുദ്ധത്തിന്റെ ദശകം അവസാനിച്ചുവെന്നും രാജ്യം സാമ്പത്തിക പുരോഗതിയുടെ പാതയിലാണെന്നും ഒബാമ പറഞ്ഞു. മറ്റു രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ രമ്യതയില്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.