ഭേദഗതി വരുത്തിയ ലോക്പാല്‍ ബില്ല് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു
Thursday, January 31, 2013 6:09 AM IST
ന്യൂഡല്‍ഹി: ഭേദഗതി വരുത്തിയ ലോക്പാല്‍ ബില്ല് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. രാജ്യസഭാ സെലക്ട് കമ്മറ്റി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ബില്ല് തയാറാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ ലോകായുക്ത നിയമനത്തിനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രം ഈ അധികാരം കൈവശം വെയ്ക്കുന്നത് സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ലോക്പാലിന്റെ പരിധിയില്‍ നിന്ന് മത-രാഷ്ട്രീയ സംഘടനകളെ ഒഴിവാക്കിയിട്ടുണ്ട്. മത-രാഷ്ട്രീയ സംഘടനകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഇതര സംഘടനകള്‍ ബില്ലിന്റെ പരിധിയില്‍ വരും. ലോക്പാല്‍ നിയമനത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കും. 2011 ല്‍ ലോക്സഭ പാസാക്കിയ ബില്ലില്‍ 11 ഭേദഗതികളാണ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയില്‍ എത്തിയത്. സന്നദ്ധ സംഘടനകളെയും സംഭാവനകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരും സിബിഐ പ്രോസിക്യൂഷന്‍ ഡയക്ടറുടെ നിയമനം കേന്ദ്ര വിജിലന്‍സ് കമ്മീഷന് കൈമാറുക തുടങ്ങിയവയും ഭേതഗതികളില്‍ പെടും. ലോക്പാല്‍ അന്വേഷണം നേരിടുന്ന വ്യക്തിയില്‍ നിന്നും അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ വാദം കേള്‍ക്കരുതെന്ന നിര്‍ദേശം ഉള്‍ക്കൊള്ളിച്ചിട്ടില്ല. സംസ്ഥാനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ലോകായുക്ത രൂപീകരിക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്.